മഴയൊന്ന് പെയ്താൽ
1424544
Friday, May 24, 2024 1:28 AM IST
ശ്രീകാന്ത് പാണപ്പുഴ
തളിപ്പറമ്പ്: മഴ പെയ്തു തുടങ്ങിയാൽ ദേശീയപാത നിർമാണ പ്രവൃത്തി നടക്കുന്ന റോഡുകൾ ചെളിക്കുളമാകും. വെള്ളക്കെട്ടുകൾ രൂപപ്പെടും. റോഡിൽ പെയ്തിറങ്ങുന്ന വെള്ളം കടകളിലേക്കും വീടുകളിലേക്കും ഒഴുകിയെത്തും. മഴയെത്തിയതോടെ ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പല പ്രദേശങ്ങളും അപകട ഭീഷണിയും വെള്ളക്കെട്ട് ഭീഷണിയും നേരിടുകയാണ്.
മഴയൊന്ന് പെയ്താൽ അപകടകരമാകുന്ന ദേശീയ പാതയിലൂടെ പരിയാരം മുതൽ മാങ്ങാട്ട്പറന്പ് വരെ ദീപിക സഞ്ചരിച്ചപ്പോൾ.
റോഡ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി പരിയാരം ആയുർവേദ കോളജിന് സമീപത്ത് ചെളി നിറഞ്ഞിരിക്കുകയാണ്. ഇത് ആയുർവേദ കോളജിലേക്ക് പോകുന്നവരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പരിയാരം സിഎച്ച് സെന്ററിന് സമീപമാണ് മറ്റൊരു അപകടഭീഷണി നേരിടുന്ന സ്ഥലം. തളിപ്പറമ്പ് ഭാഗത്തു നിന്നും പയ്യന്നൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഒരേ സമയം സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഇവിടെ വലിയ അപകട ഭീഷണിയാണ് നിലനിൽക്കുന്നത്. മഴയായാൽ ഇവിടെ വെള്ളക്കെട്ടും രൂപപ്പെടും. പരിയാരം മരിയാപുരത്തും വെള്ളക്കെട്ട് ഉണ്ടാകുന്നത് വാഹനയാത്രക്കാർക്ക് ഏറെ ദുർഘടമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.
ചുടല വളവിൽ വാഹനയാത്രക്കാരും കാൽനട യാത്രക്കാരും യാത്ര ചെയ്യുന്നത് അപകടപാതയിലൂടെയാണ്. നാലും കൂടുന്ന റോഡും കയറ്റവും കൊടും വളവുകളും ചേർന്ന ഇവിടം പൊതുവേ അപകട സാധ്യതയുള്ള മേഖലയാണ്. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി മഴ പെയ്തതോടെ മണ്ണും ചെളിയും റോഡിൽ പടർന്ന നിലയിലാണ്. കപ്പണതട്ട് വളവിലാകട്ടെ റോഡിന്റെ ഒരു ഭാഗം ഭയങ്കര താഴ്ചയാണ്.
അപകടമൊഴിവാക്കാൻ റോഡരികിൽ ചില സ്ഥലങ്ങളിൽ ഡിവൈഡർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഡിവൈഡർ ഇല്ലാത്തത് വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്. കുറച്ച് മാസങ്ങൾക്ക് മുന്പ് ഒരു കാർ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനിയൊരു അപകടം ഇവിടെ സംഭവിക്കാതിരിക്കാൻ മുഴുവൻ ഭാഗത്തും ഡിവൈഡറുകൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യപ്പെടുന്നത്.
കപ്പണത്തട്ടിൽ നിന്നും കുപ്പത്തേക്ക് പ്രവേശിക്കുന്ന ഭാഗവും മഴ പെയ്താൽ മണ്ണും ചെളിയും പടരുന്ന രീതിയിലാണ്. കുപ്പം പാലത്തിലേക്ക് പ്രവേശിക്കുന്ന ഇരുഭാഗങ്ങളിലും നിർമാണ പ്രവൃത്തിയുടെ ഭാഗമായി മണ്ണ് എടുത്തിട്ടുള്ളതിനാൽ ഇവിടവും അപകട സാധ്യത നിലനിൽക്കുന്നുണ്ട്. പാലത്തിന് മുകളിലും മഴ പെയ്താൽ ചെളിക്കുളമാണ്. നിർമാണ പ്രവൃത്തിയുടെ ഭാഗമായി കുപ്പം ഭാഗത്ത് ദേശീയപാതയുടെ ഇരുഭാഗത്തും ഉണ്ടാകുന്ന വെള്ളക്കെട്ടുകൾ പ്രദേശവാസികളുടെ കാൽനട സഞ്ചാരം പോലും തടസപ്പെടുത്തുന്ന രീതിയിലാണ്. അതിനാൽ നഗരസഭാ അധികൃതർ കഴിഞ്ഞാഴ്ച ദേശീയ പാതാ അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
കുറ്റിക്കോലിൽ പുഴയുടെ ഒഴുക്ക് തടസപ്പെടുത്തി പാലം നിർമാണത്തിന്റെ ഭാഗമായി മണ്ണ് ഇട്ടിരുന്നത് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് എടുത്തുമാറ്റി. മഴ കനത്താൽ ഒഴുക്ക് തടസപ്പെട്ട് ജലനിരപ്പ് ഉയർന്നാൽ സമീപത്തെ വയലിലേക്കും വീടുകളിലേക്കും വെള്ളം കയറുമോ എന്ന ഭയത്തിനാണ് ഇതോടെ പരിഹാരമായത്. ഇതേ പ്രശ്നം കുപ്പം പുഴയിലും ഉണ്ടെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഒരു ഭാഗത്ത് കൂടി വെള്ളം ഒഴുകി പോകാനുള്ള സംവിധാനമാക്കിയിട്ടുണ്ട്. കൂടാതെ ഈ മാസം 25 നകം ബാക്കിയുള്ള മണ്ണ് നീക്കം ചെയ്യുമെന്ന് അധികൃതർ പ്രദേശവാസികൾക്ക് ഉറപ്പു കൊടുത്തിട്ടുണ്ട്.
നല്ല മഴ പെയ്താൽ ബക്കളത്ത് റോഡിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് കടകളിലേയ്ക്കടക്കം കയറുമോ എന്ന ഭയത്തിലാണ് ഇവിടത്തുകാർ. തങ്ങളുടെ കൃഷിയിടങ്ങളായ വയലിലേക്ക് മണ്ണും ചെളിയും ഒലിച്ചെത്തുമോ എന്നും കർഷകർ ഭയക്കുന്നു. അതുപോലെ തന്നെ അതിദുരിതമാണ് ബക്കളം മുതൽ മാങ്ങാട്ടുപറമ്പ് വരെയുള്ള യാത്ര. ഗതാഗതക്കുരുക്ക് തന്നെയാണ് പ്രധാന കാരണം.
മാങ്ങാട്ടുപറമ്പ സ്റ്റേഡിയത്തിന് മുന്നിലായി സർവീസ് റോഡ് തകർന്നിട്ടുള്ളതും മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളക്കെട്ടും റോഡിലെ ചെളിയും വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അതുപോലെ തന്നെ വീതി കുറഞ്ഞ സർവീസ് റോഡിൽ കൂടിയുള്ള ബസുകളുടെ മരണപ്പാച്ചിലും അപകട ഭീഷണി സൃഷ്ടിക്കുന്നതാണ്. സർവീസ് റോഡുകളുടെ വീതികുറവും അശാസ്ത്രീയമായ നിർമാണവും മറ്റും കാരണം
നിരവധി അപകടങ്ങളാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മാത്രം ഇവിടങ്ങളിൽ സംഭവിച്ചിട്ടുള്ളത്. മഴ ശക്തി പ്രാപിക്കുന്നതിന് മുന്പായി വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അത് ഒഴിവാക്കാനുള്ള നടപടിയും അപകട ഭീഷണിയുള്ള ഇടങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തി സുഗമ യാത്രക്കുള്ള നടപടിയും സ്വീകരിച്ചില്ലെങ്കിൽ ഈ മഴക്കാലം സമ്മാനിക്കുന്നത് തീരാദുരിതമായിരിക്കും.