വാഹനമില്ല; ഇരിട്ടി താലൂക്കാശുപത്രി ആവശ്യത്തിന് ഓടുന്നതും ആംബുലൻസ്
1424542
Friday, May 24, 2024 1:28 AM IST
ഇരിട്ടി: കാലാവധി കഴിഞ്ഞതോടെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ജീപ്പ് ഷെഡിലായതോടെ ആശുപത്രി ആവശ്യത്തിനും ഓടുന്നത് ആംബുലൻസ്. ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി തീർന്നതോടെയാണ് ഇവിടുത്തെ ജീപ്പ് ഷെഡിലായത്. രണ്ട് ആംബുലൻസുകളിൽ ഒന്ന് രണ്ടു മാസമായി വർക്ഷോപ്പിലാണ്. രോഗികളെ കൊണ്ടുപോകാനുള്ള ഏക ആംബുലൻസാണ് ഇപ്പോൾ കുത്തിവയ്പ്പ് മുതൽ സെക്കൻഡറി പാലിയേറ്റിവ് പരിചരണമുൾപ്പെടെയുള്ളവയ്ക്ക് ആശുപത്രി അധികൃതർ ഉപയോഗപ്പെടുത്തുന്നത്.
ഇതോടെ അടിയന്തര ഘട്ടത്തിൽ രോഗികൾ മറ്റ് ആംബുലൻസ് സർവീസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. നിലവിൽ ഷെഡിലായ ജീപ്പിനും ആംബുലൻസുകൾക്കുമായി മൂന്ന് ഡ്രൈവർമാരുണ്ടെങ്കിലും ഒരു ആംബുലൻസ് മാത്രമാണ് പ്രവർത്തിക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്നും താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ആംബുലൻസിനുള്ള ഫണ്ട് കൈമാറിയിട്ടും വാഹനം ലഭിക്കാൻ കാലതാമസം നേരിടുകയാണ്. കാലാവധി കഴിഞ്ഞ ജീപ്പിനു പകരം പുതിയ വാഹനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല.