ഐടി ബിസിനസിന് 25 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ മൂന്നു പേർക്കെതിരേ കേസ്
1424321
Thursday, May 23, 2024 12:44 AM IST
തളിപ്പറമ്പ്: ഐടി ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ കന്പനിയുടെ ലാഭവിഹിതം ഉൾപ്പെടെ നൽകുമെന്ന വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മൂന്നു പേർക്കെതിരേ പോലീസ് കേസെടുത്തു. തളിപ്പറന്പ് കാക്കഞ്ചാൽ ശാന്തി നഗറിലെ കല്യാണി നിവാസിൽ എ.പി. ശിവദാസന്റെ പരാതിയിൽ ഐടി വ്യവസായി രാജേഷ് നന്പ്യാർ, വിഘ്നേഷ് നന്പ്യാർ, ജിതിൻ പ്രകാശ് എന്നിവർക്കെതിരെയാണ് കേസ്.
ഇവർ തുടങ്ങാൻ പോകുന്ന അംഷി ടെക്നോളജി എന്ന ഐടി സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതത്തോടെ തിരിച്ചുനൽകുമെന്നായിരുന്നു വാഗ്ദാനം. 2021 നവംബര്‍ 11 നും 2022 മാര്‍ച്ച് 21 നുമായി 25 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ശിവദാസന്‍ ട്രാന്‍സ്ഫര്‍ ചെയ്തു നൽകിയെങ്കിലും സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നാണ് പരാതി. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ നിരവധി പേരില്‍നിന്ന് ഇത്തരത്തിൽ നിക്ഷേപം സ്വീകരിച്ചതായും ആരോപണമുണ്ട്. കൊച്ചിയിലും ധര്‍മശാലയിലും തുടക്കത്തില്‍ ഓഫീസുണ്ടായിരുന്നു.
പണം വാങ്ങിയെങ്കിലും സ്ഥാപനം ആരംഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഓഫീസിലെത്തി അന്വേഷണം തുടങ്ങിയതോടെ അതു അടച്ചുപൂട്ടുകയായിരുന്നു. ഇപ്പോള്‍ കൊച്ചിയിലെ ഓഫീസും പൂട്ടിയതായാണ് വിവരം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജേഷ് നമ്പ്യാര്‍ തളിപ്പറമ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.