പേരാവൂർ: വിവാഹ സുവർണ ജൂബിലിയുടെ ഓർമയ്ക്കായി വീട് നിർമിച്ച് നൽകി അധ്യാപക ദമ്പതികൾ മാതൃകയായി. പേരാവൂർ ഇടവകയിലെ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് തൊണ്ടിയിലെ ചെറുപുഷ്പം ജോസഫ് -കൊച്ചുത്രേസ്യ ദന്പതികളുടെ വിവാഹ സുവർണ ജൂബിലിയുടെ ഓർമയ്ക്കായി സ്നേഹവീട് നിർമിച്ചു നൽകിയത്.
10 ലക്ഷം രൂപയിലധികം ചെലവഴിച്ചു നിർമിച്ച വീടിന്റെ വെഞ്ചിരിപ്പും താക്കോൽദാനവും നടത്തി. പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി വെഞ്ചരിപ്പുകർമവും സണ്ണി ജോസഫ് എംഎൽഎ താക്കോൽദാന കർമവും നിർവഹിച്ചു. വാർഡ് അംഗം കെ.വി. ബാബു, വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് ഫ്രാൻസിസ് കൂറ്റനാൽ എന്നിവർ പ്രസംഗിച്ചു.