കസ്തൂരിരംഗൻ റിപ്പോർട്ട്: കൊട്ടിയൂർ പഞ്ചായത്ത് സർവേ നടത്തി
1422993
Friday, May 17, 2024 12:54 AM IST
കൊട്ടിയൂർ: കസ്തൂരി രംഗൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്ന് കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവേ നടത്തി. റിപ്പോർട്ടിൽ അധികമായി ഉൾപെട്ട 1.17 സ്ക്വയർ കിലോമീറ്റർ ജനവാസ മേഖല കണ്ടെത്തുന്നതിനായാണ് പാലുകാച്ചിമല യിൽ സർവേ നടത്തിയത്.
ജനവാസ മേഖലയും ഇക്കോ സെൻസിറ്റീവ് ഏരിയയും തമ്മിലുള്ള അതിർത്തി ഗ്രൗണ്ടിൽ മാർക്ക് ചെയ്തു അധികമായി ഇക്കോ സെൻസിറ്റിവ് ഏരിയിൽ പെട്ടിട്ടുള്ള പ്രദേശങ്ങൾ ഒഴിവാക്കി കിട്ടാൻ വേണ്ടിയാണ് സർവേ നടത്തിയത്. അടുത്ത ദിവസങ്ങളിൽ നാലാം വാർഡ് പന്നിയമലയിലും പരിശോധന നടത്തും. മൂന്ന് നാല് വാർഡുകളിലാണ് സെൻസിറ്റീവ് ഏരിയ അധികമായി ജനവാസ മേഖലയിലേക്ക് ഇറങ്ങി വന്നതായി കണ്ടെത്തിയത്.
ഇന്നു നടത്തിയ പരിശോധനയിൽ അധികമായി ഇക്കോ സെൻസിറ്റീവ് ഏരിയയിൽ പെട്ടിട്ടുള്ള പ്രദേശങ്ങൾ കണ്ടെത്തി. ഏപ്രിൽ 30ന് മുമ്പ് പരിശോധന നടത്തി റിപ്പോർട്ട് നല്കണമെന്നാണ് സർക്കാർ ആദ്യഘട്ടത്തിൽ പറഞ്ഞത്. എന്നാൽ പരിശോധനയ്ക്ക് ആവശ്യമായ യാതൊരു രേഖകളോ വിദഗ്ധരെയോ സർക്കാർ നല്കിയിരുന്നില്ല.
കഴിഞ്ഞാഴ്ച മാത്രമാണ് ഇക്കോ സെൻസിറ്റീവ് ഏരിയയുടെ മാപ്പ് സർക്കാർ കൈമാറിയത്. ഇതിനെ തുടർന്നാണ് പഞ്ചായത്ത് സ്വന്തം നിലയ്ക്ക സർവേ ടീമിനെ വരുത്തി സെൻസിറ്റീവ് ഏരിയ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. പുതുക്കിയ കസ്തൂരിരംഗൻ റിപ്പോർട്ടിൽ കൊട്ടിയൂർ വില്ലേജിലെ 1.1 7 സ്ക്വയർ കിലോമീറ്റർ ജനവാസ മേഖല ഇക്കോസ് സെൻസിറ്റീവ് പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടായിരുന്നു.
കേരളത്തിലെ 123 വില്ലേജുകളെ കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഉൾപെടുത്തിയിരുന്നു. തുടർന്നു വന്ന ഉമ്മൻ വി ഉമ്മൻ കമ്മിറ്റി ഇത് 94 വില്ലേജുകളാക്കി ചുരുക്കി. എന്നാൽ കേന്ദ്രസർക്കാരിലേക്ക് സമർപ്പി ക്കാൻ ആയി രേഖകൾ തയാറാക്കിയപ്പോൾ ഉണ്ടായ പിഴവാണ് ഇപ്പോൾ പരിഹരിക്കുന്നത്.
റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാർ നല്കിയ കാലാവധി കഴിഞ്ഞ ഏപ്രിൽ 30 ആയിരുന്നു.
കേരള സർക്കാർ കൂടുതൽ സമയം പരിധി കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകത്തെ കൂടാതെ പഞ്ചായത്ത് അംഗങ്ങളായ തോമസ് പൊട്ടനാനി, ബാബു മാങ്കോട്ടിൽ, ഷാജി പൊട്ടയിൽ, ഉഷ അശോകൻ, വില്ലേജ് ഓഫീസർ ഷാജി മാത്യു തുടങ്ങിയവർ നേതൃത്വം നല്കി.
കൊട്ടിയൂർ പഞ്ചായത്തിൽ അധികമായി ഇക്കോ സെൻസിറ്റീവ് ഏരിയയിൽ പെടുത്തിയിട്ടുള്ള മുഴുവൻ ജനവാസ മേഖലയും രണ്ടുദിവസം കൊണ്ട് കണ്ടെത്തി മാപ്പിൽ രേഖപ്പെടുത്തി സർക്കാരിന് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം പറഞ്ഞു.