മാഹി: ചാലക്കര പോന്തയാട്ട് റോഡിൽ ട്രാൻസ്ഫോർമർ തകർന്നു വീണത് പരിഭ്രാന്തി പരത്തി. ആയുർവേദ ഡോക്ടർ തമ്പാന്റെ വീട്ടിനടുത്ത് സ്ഥാപിച്ച 110 കെ.വി. ട്രാൻസ്ഫോർമറാണ് തകർന്നു വീണത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. തകർന്നു വീണ ട്രാൻസ്ഫോർ തൊട്ടടുത്ത തെങ്ങിൽ തങ്ങി നിന്നതിനാൽ വീട്ടിലേക്ക് വീഴുന്നത് ഒഴിവായി. അല്ലെങ്കിൽ അത് വൻ ദുരന്തത്തിന് വഴിവയ്ക്കുമായിരുന്നു. ട്രാൻസ്ഫോർമറിന്റെ അടിഭാഗം പൂർണമായി തുരുമ്പെടുത്തിരുന്നു. പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.