മാടായി മുസ്ലിം പള്ളിയിൽ ഭണ്ഡാരം തകർത്ത് മോഷണം
1416725
Tuesday, April 16, 2024 7:15 AM IST
പഴയങ്ങാടി: മാടായി മുസ്ലിം പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. നാലു ഭണ്ഡാരങ്ങൾ കുത്തിത്തുറക്കാൻ ശ്രമം നടത്തി. ഇന്നലെ പുലർച്ചെ 4.40 ഓടെ പള്ളി തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടത്.
പുറത്തെ പ്രധാന ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ടതിനെത്തുടർന്ന് സംശയം തോന്നി നോക്കിയപ്പോഴാണ് ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർക്കാൻ ശ്രമിച്ച നിലയിലും ഒരു ഭണ്ഡാരം കുത്തിത്തുറന്ന നിലയിലും കണ്ടെത്തിയത്.
പുറത്തെ പ്രധാന കവാടത്തിനോട് ചേർന്നുള്ള ഭണ്ഡാരത്തിന്റെ പൂട്ടു തകർക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാത്തതിനെത്തുടർന്ന് പള്ളിക്ക് അകത്തുള്ള ഭണ്ഡാരത്തിലെ പൂട്ട് തകർത്ത് പണം കവരുകയായിരുന്നു. മഖാമിന്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന മൂന്ന് പ്രധാന ഭണ്ഡാരങ്ങളുടെ പൂട്ട് തകർക്കാനും ശ്രമം നടത്തി. മോഷണം ശ്രമം അറിഞ്ഞതിനെതുടർന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ സ്ഥലത്ത് എത്തി പഴയങ്ങാടി പോലീസിൽ പരാതി നൽകി.