പൂട്ടിയിട്ട വീട്ടിൽ മോഷണം
1416470
Sunday, April 14, 2024 7:44 AM IST
ഇരിട്ടി: നേരംപോക്ക് റോഡിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം. താലൂക്ക് ആശുപത്രി റോഡിലെ പാനേരി സുബൈദയുടെ വീട്ടിലാണ് മോഷണം നടന്നത്. മേശപ്പുറത്ത് തുണിയിൽ പൊതിഞ്ഞു വച്ചിരുന്ന ഒന്നരപ്പവന്റെ വളയും ടോർച്ചും ആണ് മോഷണം പോയത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീട്ടിൽ തനിച്ചു താമസിക്കുന്ന സുബൈദ രാത്രിയിൽ തൊട്ടടുത്തുള്ള ബന്ധുവീട്ടിലാണ് കിടക്കാറ്. വീടിന്റെ മുകൾ ഭാഗത്തുകൂടിയാണ് കള്ളൻ അകത്തു കടന്നതെന്നാണ് നിഗമനം.
വീടിനകത്തെ കിടപ്പുമുറിയിലെ അലമാരയും മേശവലിപ്പുകളുമെല്ലാം തുറന്നിട്ട് അതിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. സാധാരണ കയ്യിലെപഴ്സിൽ ആണ് വള സൂക്ഷിച്ചു വയ്ക്കുക. കടയിൽ പോകുമ്പോൾ നഷ്ടപെടാതിരിക്കാൻ തുണിയിൽ പൊതിഞ്ഞ് മേശപ്പുറത്ത് വച്ചതായിരുന്നു. രാത്രിയിൽ അടുത്ത വീട്ടിൽ ഉറങ്ങാൻ പോകുമ്പോൾ വള എടുക്കാൻ സുബൈദ മറന്നിരുന്നു. ഇരിട്ടി പോലീസ് കേസെടുത്തു.