സഹായത്തിന് കാത്തുനിന്നില്ല; വേദനയില്ലാത്ത ലോകത്തേക്ക് ശ്രീരാഗ് യാത്രയായി
1415869
Friday, April 12, 2024 12:44 AM IST
കാഞ്ഞങ്ങാട്: അപൂര്‍വ കരള്‍ രോഗം ബാധിച്ച പ്ലസ്ടു വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങി. ചെര്‍ക്കള എടനീര്‍ സ്വദേശികളും ഇരിയ കാട്ടുമാടം സായിഗ്രാമത്തിലെ താമസക്കാരുമായ ശ്രീധരന്- ശാന്ത ദമ്പതികളുടെ മകന് ഇ. ശ്രീരാഗ് (17) ആണ് മരിച്ചത്.
ശരീരത്തില്‍ ചെമ്പിന്റെ അംശം അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന ലിവര്‍ വില്‍സണ്‍സ് എന്ന അപൂര്‍വരോഗമാണ് ശ്രീരാഗിനെയും ജ്യേഷ്ഠന് തരുണിനെയും ബാധിച്ചിരുന്നത്. രോഗം മൂലം ഇരുവരുടെയും കാലുകള്‍ക്ക് വളവും ബലക്കുറവുമുണ്ടായിരുന്നു. വൈദ്യശാസ്ത്രത്തിന്റെ കണക്കുപ്രകാരം ലോകത്ത് 30,000 പേരില്‍ ഒരാള്‍ക്ക് മാത്രം വരാവുന്ന അസുഖമാണിത്. ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇതാണ് രോഗമെന്ന് ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായത്. 2017 ഏപ്രിലില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ തരുണിനെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ശ്രീരാഗിനെ തഴയുകയായിരുന്നു. ഒരേ രോഗമുള്ള സഹോദരങ്ങളില്‍ ഒരാളെ മാത്രം ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സംഭവം ഏറെ വിവാദമായിരുന്നു.
ബുധനാഴ്ച രാവിലെ കടുത്ത വയറുവേദനയെത്തുടര്‍ന്ന് കാസര്‍ഗോട്ടെ ആശുപത്രിയില്‍ ശ്രീരാഗിനെ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതിനെതുടര്‍ന്ന് വൈകുന്നേരത്തോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും രോഗം ഹൃദയത്തെയും ബാധിച്ചിരുന്നു.
കൂലിപ്പണിക്കാരനായ അച്ഛന്റെയും ഡെന്റല്‍ ക്ലിനിക്കിലെ ജീവനക്കാരിയായ അമ്മയുടെയം സാമ്പത്തിക പ്രയാസം മനസിലാക്കി നാട്ടുകാർ സഹായകമ്മിറ്റി രൂപീകരിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിവരികയായിരുന്നു. ഇന്നലെയായിരുന്നു മരണം . മുമ്പ് രണ്ടുവര്‍ഷത്തോളം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ശ്രീരാഗ് ചികിത്സയിലായിരുന്നു. സ്വന്തമായി വീടില്ലാത്ത ഈ കുടുംബത്തിന് ആറുമാസം മുമ്പാണ് സായിഗ്രാമത്തില്‍ വീട് ലഭിക്കുന്നത്. കോടോത്ത് അംബേദ്കര്‍ ഗവ. സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ശ്രീരാഗ് വടംവലി താരം കൂടിയായിരുന്നു. സംസ്ഥാനമത്സരങ്ങളില്‍ കാസര്‍ഗോഡ് ജില്ലയ്ക്കുവേണ്ടി മെഡല്‍ നേടിയിട്ടുണ്ട്. സഹോദരി: ദേവനന്ദ.