കാട്ടാന ശല്യം: മുടിക്കയത്തുനിന്നും കർഷകർ കുടിയിറങ്ങുന്നു
1415464
Wednesday, April 10, 2024 1:41 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിലെ മുടിക്കയം വിട്ട് കർഷകരുടെ കുടിയിറക്കം തുടരുന്നു. ചോര നീരാക്കി അധ്വാനിച്ചുണ്ടാക്കിയ കൃഷിയിടങ്ങളിലടക്കം ആനയുൾപ്പെടെയുള്ള വന്യമൃഗ ഭീഷണിക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റു മാർഗമങ്ങളില്ലാതെ ജീവനെങ്കിലും രക്ഷപ്പെടുത്താനാണ് പലരും കുടിയിറങ്ങുന്നത്. മുടിക്കയത്തുനിന്നും രണ്ട് കിലോമീറ്റർ ചെങ്കുത്തായ മല കയറിവേണം ആനത്താവളം ആയി മാറിയിരിക്കുന്ന കൃഷി ഇടത്തിൽ എത്താൻ.
ഒരു കിലോമീറ്റർ റോഡ് യാത്രാ യോഗ്യമാണെങ്കിൽ അടുത്ത ഒരുകിലോമീറ്റർ ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ വാഹനം ഓടിച്ചു പരിചയമുള്ളവർ ഓടിക്കുന്ന വാഹനത്തിൽ മാത്രമേ എത്തിച്ചേരാനാകൂ. .ആന ഭീഷണി കാരണം വനംവനം വകുപ്പിന്റെ നിർദേശാനുസരണം വീടും സ്ഥലവും ഉപേക്ഷിച്ചിറങ്ങിയ കർഷകരുടെ വീടുകൾക്കു നേരെയും കാട്ടാനകൾ കലിപ്പ് തീർക്കുകയാണ്. തിങ്കളാഴ്ച കൃഷിയിടത്തിൽ ഇറങ്ങിയ ചെറുതും വലുതുമായ ആനകൂട്ടം വ്യാപക കൃഷി നാശം വരുത്തിയിരുന്നു. പത്തു ദിവസത്തിലധികമായി വനാതിർത്തിയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ കാടുമൂടിയ പറമ്പിൽ താവളമാക്കിയ ആനക്കൂട്ടം കഴിഞ്ഞ രാത്രിയാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങി കൃഷിനാശം വരുത്തിയത്.
മുടിക്കയത്തെ ഇല്ലിക്കകുന്നേൽ ജോഷി, ഇല്ലിക്കകുന്നേൽ സിനു, നടുവത്ത് കനകമ്മ എന്നിവരുടെ കൃഷിയിടങ്ങളിലാണ് വൻ നാശനഷ്ടം വരുത്തിയത്. ഇരുപത് തെങ്ങുകളും നിരവധി വാഴകളും കവുങ്ങും ആനക്കൂട്ടം കുത്തിവീഴ്ത്തി. കാട്ടാനശല്യം മൂലം വീടും കൃഷിയിടവും ഉപേക്ഷിച്ച് താമസം മാറേണ്ടി വന്നതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്ത കർഷകൻ സുബ്രഹ്മണ്യന്റെ ഭാര്യ കനകമ്മയുടെ ആൾത്താമസമില്ലാത്ത വീട്ടിലെ വിറക് പുരയും കുളിമുറിക്കു മുകളിൽ വലിച്ചുകെട്ടിയ പ്ലാസ്റ്റിക്ക് ഷീറ്റും ആനക്കൂട്ടം നശിപ്പിച്ചു. ജോഷിയുടെ വീട്ടുമുറ്റംവരെ ചിന്നം വിളിച്ചെത്തിയ ആനക്കൂട്ടം വീട്ടുമുറ്റത്തെ പട്ടിക്കൂടും തകർത്തു.
ഭീതി വിതച്ച് ആറംഗ
കാട്ടാനക്കൂട്ടം,
തന്പടിക്കുന്നത്
കശുമാവിൻ തോട്ടത്തിൽ
മേഖലയിൽ വനംവകുപ്പ് നടത്തിയ പരിശോധനയിൽ ചുരുങ്ങിയത് ആറ് ആനകളെങ്കിലുമുള്ളതായാണ് കണ്ടെത്തിയത്. ഇവിടെ ഏക്കർ കണക്കിന് കശുമാവിൻ തോട്ടങ്ങളിൽ കാട്ടാനകൾ മേച്ചിൽപ്പുറമാക്കി മാറ്റിയിരിക്കുകയാണ്. കശുവണ്ടിയടക്കമുള്ള കശുമാങ്ങകൾ ആനക്കൂട്ടം തിന്നുന്നത് കാരണം തോട്ടങ്ങളിൽ നിന്ന് കർഷകർക്ക് വരുമാനമൊന്നും ലഭിക്കുന്നുമില്ല. ആന ഭീതി കാരണം തോട്ടങ്ങളിലേക്ക് പോകാൻ പോലും കർഷകർ ഭയക്കുകയാണ്. കേരളാ വനാതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ ഏക്കർ കണക്കിന് സ്വകാര്യ ഭൂമിയാണ് വനമേഖലയ്ക്ക് സമാനമായ രീതിയിൽ കാട് പടർന്നു കിടക്കുന്നത്.
പകൽ സമയങ്ങളിൽ ഇവിടെ താവളമാക്കുന്ന ആനക്കൂട്ടം രാത്രിയോടെ കൃഷിയിടങ്ങളിലേക്കിറങ്ങുകയാണ്. സ്വകാര്യ ഭൂമിയിലെ കാട് വെട്ടിതെളിക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ മാസം മേഖലയിൽ വ്യാപകമായി തീപടർന്നതോടെ കാട്ടാനകൾ കൂട്ടമായി കൃഷിയിടത്തിലേക്ക് ഇറങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പ് ഡ്യൂട്ടി റെയ്ഞ്ചർ കെ.ജിജിലിന്റെ നേതൃത്വത്തിൽ വനപാലക സംഘം ആനക്കൂട്ടത്തെ കണ്ടെത്തി വനത്തിലേക്ക് തുരത്താനുള്ള നടപടി തുടങ്ങി.
പ്രതിരോധ
സംവിധാനമില്ലാതെ
മൂന്ന് കിലോമീറ്റർ
വനമേഖലയിൽ നിന്നും ആനക്കൂട്ടം ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് തടയാൻ വനാതിർത്തിയിൽ മൂന്ന് കിലോമീറ്ററോളം പ്രതിരോധ സംവിധാനങ്ങൾ ഒന്നുമില്ല. സോളാർ വേലി സ്ഥാപിക്കുന്നതിന് നിർദേശിച്ച പദ്ധതികളുടെ കൂട്ടത്തിൽ ഈ പ്രദേശവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ നടപടികൾ ഉണ്ടാകുന്നുമില്ല. കൊട്ടിയൂർ , ആറളം വന്യജീവി സങ്കേതം മേഖലകളിൽ നിന്നും കർണാടകയുടെ ബ്രഹ്മഗരി വന്യജീവി സങ്കേതത്തിൽ നിന്നും ആനക്കൂട്ടം പുഴ കടന്നും മറ്റും അയ്യൻ കുന്ന് പഞ്ചായത്തിലെ വിവിധ ജനവാസ മേഖലകളിൽ എത്തുന്നുണ്ട്.
അടിയന്തര നടപടികൾ ആവശ്യം
ആറളം ഫാമിൽ സംഭവിച്ചതുപോലെ ഇനിയൊരു ദുരന്തം കച്ചേരികടവിലും സംഭവിക്കുമോ എന്ന് ഞങ്ങൾ ഭയക്കുന്നു.
പ്രദേശത്തെ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പുകൾ അടക്കം നശിപ്പിക്കുന്നതിനോടൊപ്പം ക്വിന്റൽ കണക്കിന് കശുവണ്ടിയാണ് ദിനംതോറും കർഷകന് നഷ്ടമാകുന്നത്. സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കർഷകരുടെ കൂട്ട ആത്മഹത്യക്ക് വരെ ഇത് കാരണം ആകും.
ശാശ്വത പരിഹാരം
വേണം
ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാനുള്ള സ്ഥിരം സംവിധാനം ഒരുക്കണം. ആനമതിൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അടിയന്തരമായി നടപ്പിലാക്കണം.ആനയുടെ ഭീഷണി കാരണം കശുവണ്ടി ശേഖരിക്കാൻ പോലും തൊഴിലാളികളെ ലഭിക്കുന്നില്ല. സുബ്രഹ്മണ്യനെ പോലെ ഇവിടുത്തെ കർഷകർ വീണ്ടും ആത്മഹത്യയുടെ വക്കിലാണ്. ബന്ധപ്പെട്ടവർ ഇക്കാര്യം ഇനിയെങ്കിലും ഗൗരവത്തിലെടുത്ത് പരിഹാരം കണ്ടേ മതിയാകൂ.