കേരളത്തിനായി അങ്കം വെട്ടാൻ ഡോണയുടെ ശിഷ്യർ
1396771
Saturday, March 2, 2024 1:50 AM IST
കൊന്നക്കാട്: കാസർഗോഡ് ജില്ലയിൽ ഫെൻസിംഗിൽ പുതുചരിത്രമെഴുതാൻ കൊന്നക്കാട് സ്വദേശിനി ഡോണ മരിയ ടോമിന്റെ ശിഷ്യർ. സ്കൂൾ പഠനകാലത്ത് കബഡിതാരമായാണ് ഡോണ ആദ്യമായി കളത്തിലിറങ്ങുന്നത്. മാലോത്ത് കസബ സ്കൂൾ കായികാധ്യാപകനായ സോജൻ ഫിലിപ്പിന്റെ പരിശീലനം ഡോണയിലെ കബഡിതാരത്തെ തേച്ചുമിനുക്കിയെടുത്തു.
ഏഷ്യൻ ഗെയിംസ് കബഡിസ്വർണമെഡൽ ജേതാവ് ഷെർമി ഉലഹന്നാന്റെ പിൻഗാമിയായിട്ടാണ് കായികലോകം ഡോണയെ കണ്ടത്. എന്നാൽ തൃശൂർ വിമല കോളജിൽ ബിരുദ പഠനകാലത്ത് പരിശീലകനായ അബിൻ തോമസിന്റെ നിർദേശപ്രകാരം കബഡിയിൽ നിന്ന് ഫെൻസിംഗിലേക്ക് ഡോണ ചുവടുമാറ്റി. ചിട്ടയായ പരിശീലനവും കഠിനാധ്വാനവും കൊണ്ട് 2020ൽ ഉത്തരാഖണ്ഡിൽ നടന്ന സീനിയർ ദേശീയ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെള്ളി മെഡൽ നേടി. റഗ്ബിയിലും മികവ് തെളിയിച്ചു.
ബിരുദപഠനം പൂർത്തിയാക്കിയ ശേഷം കാസർഗോഡ് ജില്ലാ സ്പോർട്സ് കൗൺസിലിൽ ഖേലോ ഇന്ത്യ പദ്ധതി പ്രകാരം ആരംഭിച്ച ഫെൻസിംഗ് കേന്ദ്രത്തിന്റെ പരിശീലകയായി നിയമിതയായി. ഫുട്ബോളും കബഡിയും ഏറെ പ്രചാരത്തിലുള്ള കാസർഗോഡ് ജില്ലയിൽ ഫെൻസിംഗിൽ കായിക താരങ്ങളെ വളർത്തിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഒരു വെല്ലുവിളിയായി ഡോണ ഏറ്റെടുത്തു.
കാസർഗോഡ് വിദ്യാനഗർ ഉദയഗിരിയിൽ സ്ഥിതി ചെയ്യുന്ന ഖേലോ ഇന്ത്യ കേന്ദ്രത്തിന്റെ സമീപത്തുഉള്ള ബെദിര പിടിഎംഎഎയുപി സ്കൂൾ, നായന്മാർമൂല ടിഐഎച്ച്എച്ച്എസ്, കാസർഗോഡ് ചിന്മയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ കാസർഗോഡ്-2 തുടങ്ങിയ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം കുട്ടികൾ ഒരു വർഷമായി പരിശീലനം നടത്തിവരികയായിരുന്നു. 2023 നവംബറിൽ കരുനാഗപ്പള്ളിയിൽ നടന്ന സംസ്ഥാന ജൂണിയർ കാഡറ്റ് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
ഫെബ്രുവരിയിൽ തിരുവനന്തപുരം പെരിങ്ങമ്മാലയിൽ നടന്ന സംസ്ഥാന സബ്ജൂണിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണവും ഒരു വെള്ളിയും എട്ടു വെങ്കലവും ഉൾപ്പെടെ 11 മെഡലുകൾ സ്വന്തമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡ് ജില്ലാ ചരിത്രത്തിൽ ആദ്യമായി മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ എപ്പേ ടീം വിഭാഗത്തിൽ റൈഹാനത് അമാന, അനൈഡ നമ്പ്യാർ, ഡി. അനുഷ്ക എന്നിവർ സ്വർണ മെഡൽ കരസ്ഥമാക്കി. ആൺകുട്ടികളുടെ ടീം ഇനത്തിൽ ഫോയിൽ വിഭാഗത്തിൽ തൻവീർ അലി, മുഹമ്മദ് സുജാഹ,മുഹമ്മദ് സുൽത്താൻ എന്നിവരും സാബർ വിഭാഗത്തിൽ സുജയ് കൃഷ്ണ, മുഹമ്മദ് റിഹാൻ,മുഹമ്മദ് ഹനാൻ എന്നിവരും വെങ്കല മെഡൽ നേടി. വ്യക്തിഗത ഇനങ്ങളിൽ പെൺകുട്ടികളുടെ എപ്പേ വിഭാഗത്തിൽ റൈഹാനത് അമാന വെള്ളിയും അനൈഡ നമ്പ്യാർ വെങ്കലവും ആൺകുട്ടികളുടെ സാബിർ വിഭാഗത്തിൽ മുഹമ്മദ് റിഹാൻ വെങ്കലവും നേടി. ഈ മൂന്നു കുട്ടികളും മാർച്ച് അവസാനം ആന്ധ്രയിൽ നടക്കുന്ന ദേശീയ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. മൂവരും ഇപ്പോൾ ഇതിനുള്ള തീവ്രപരിശീലനത്തിൽ ആണ്. കാസർഗോഡ് സ്പോർട്സ് കൗൺസിലിന്റെയും വീട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണയാണ് ഈ വിജയങ്ങളുടെ അടിത്തറ. ഡോണയും ശിഷ്യരും കഠിന പ്രയത്നത്തിലാണ് പുതിയ വിജയങ്ങൾക്കായി.കൊന്നക്കാട് കദളിക്കാട്ടിൽ തോമസ് -വിൻസി ദാമ്പത്തികളുടെ മകളാണ് ഡോണ. ഉദുമ ഫെഡറൽ ബാങ്ക് ജീവക്കാരനായ ജോസഫ് മാത്യു ആണ് ഭർത്താവ്. ഇതൾ ജോസഫ് മകളാണ്.