പോക്സോ കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും
1396460
Thursday, February 29, 2024 8:06 AM IST
തളിപ്പറമ്പ്: പതിനേഴുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും അമ്പതിനായിരം പിഴയും ശിക്ഷ വിധിച്ചു. ഏഴിലോട് കോട്ടയിൽ സ്വദേശി പി. വി സുധീഷിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2020 ഏപ്രിൽ മുതൽ 2021 മേയ് വരെയുള്ള സമയത്താണ് കേസിനാസ്പദമായ സംഭവം.
പരിയാരം മെഡിക്കൽ കോളജ് പോലീസ് പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വലയിലാക്കിയ പ്രതി തന്റെ ഫോണിൽനിന്നും അശ്ലീല വീഡിയോകൾ അയച്ചു കൊടുക്കുകയും പെൺകുട്ടിയെ കൊണ്ട് സ്വന്തം നഗ്നത ഫോണിൽ പകർത്തി അയപ്പിച്ചും ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. അന്നത്തെ പരിയാരം എസ്ഐയായിരുന്ന ടി.എസ്.ശ്രീജിത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് വന്ന എസ്ഐയായിരുന്ന കെ. കെ.തമ്പാനാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.