പാലത്തിൻകടവിൽ എട്ട് ഏക്കർ കൃഷിഭൂമി കത്തിനശിച്ചു
1396451
Thursday, February 29, 2024 8:05 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിൽ വൻ തീപിടുത്തം. എട്ട് ഏക്കർ കൃഷി ഭൂമിയിലെ കശുമാവ് ഉൾപ്പെടെ കാർഷിക വിളകൾ കത്തിനശിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.45 കൂടിയാണ് തീപിടുത്തം ഉണ്ടായത്. ബാരാപോൾ കനാലിനോട് ചേർന്ന് ഇലവുങ്കൽ യാഷിക്കിന്റെ കൃഷിഭൂമിയിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ആഷിക്കിന്റെ അഞ്ചേക്കറോളം വരുന്ന കൃഷിഭൂമിയും ഫ്രാൻസിസ് വാഴപ്പള്ളിയുടെ ഒരേക്കർ കൃഷി ഭൂമിയും, ഇലവുങ്കൽ മാത്യൂസിന്റെ രണ്ടേക്കർ കൃഷി ഭൂമിയും ആണ് കത്തിനശിച്ചത്.
കൃഷിഭൂമിയിൽ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന പൈപ്പുകളും പൂർണമായി കത്തി നശിച്ചു. കശുമാവിൻ തോട്ടത്തിലാണ് കൂടുതൽ നാശനഷ്ടം. തീ സമീപത്തെ റബർ തോട്ടത്തിലേക്കും വ്യാപിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് അണച്ചു. ഉച്ച സമയം ആയതുകൊണ്ട് തീ വളരെ വേഗത്തിൽ പടരുക ആയിരുന്നു. കഴിഞ്ഞ ദിവസം സമീപത്തെ പാറയ്ക്കാമലയിലെ ആളൊഴിഞ്ഞ പ്രദേശത്തും തീപിടുത്തം ഉണ്ടയിരുന്നു.
ഇരിട്ടിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് തീ അണച്ചത് ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘത്തിൽ സ്റ്റേഷൻ ചാർജ് പി.പി. രാജീവൻ , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ.ജി. അശോകൻ , ഫയർ ഓഫിസർമാരായ കെ.വി. തോമസ് , അനീഷ് മാത്യു , ആർ.പി. ബഞ്ചമിൻ , കെ. രോഷിത് ,എൻ.ജെ. അനു ,ഹോം ഗാർഡ്മാരായ പി.പി. വിനോയി , വി. രമേശൻ , സദാന്ദൻ ആലക്കണ്ടി, ടി. ശ്രീജിത്ത് ,ബി. പ്രസന്ന കുമാർ എന്നിവർ പങ്കെടുത്തു .