ചെടിക്കുളം നിവാസികളുടെ കാത്തിരിപ്പ് നീളുന്നു; ഉപാധിരഹിത പട്ടയത്തിന് ഉപാധികൾ ഏറെ
1396446
Thursday, February 29, 2024 8:05 AM IST
ഇരിട്ടി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ആറളം ചെടിക്കുളം കൊട്ടാരത്തെ 33 കുടുംബങ്ങൾക്ക് ആറുമാസം മുന്പ് പട്ടയം ലഭിച്ചത്. മിച്ചഭൂമിയാണെന്ന് അറിയാതെ ഭൂമി വിലകൊടുത്തു വാങ്ങി വഞ്ചിക്കപ്പെട്ടതിൽ നിന്നും കരകയറി എന്ന ആശ്വാസത്തിന് അല്പായുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ലഭിച്ച പട്ടയം ഉപാധികളോടെ ഉള്ളതാണെന്ന് തിരിച്ചറിഞ്ഞതോടെ പലരും പട്ടയം കൈപറ്റാൻ വിസമതിച്ചു.
പട്ടയം ഉപാധി രഹിതമാക്കി കിട്ടാനുള്ള ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. എടൂരിൽ നടന്ന ചടങ്ങിൽ വച്ചാണ് റവന്യൂ മന്ത്രി കെ.രാജൻ ചെടിക്കുളം കൊട്ടാരത്തെ 33 കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചുകൊണ്ടുള്ള രേഖ കൈമാറിയത്. ഉപാധി രഹിത പട്ടയമാണ് കൈമാറുന്നതെന്നും ചടങ്ങിൽ മന്ത്രിയും പ്രഖ്യാപിച്ചിരുന്നു.
കൈവശം കിട്ടിയ രേഖ പരിശോധിച്ചപ്പോഴാണ് ലക്ഷംവീട് പട്ടയത്തിന് സമാനമായ ഉപാധികളോടെയുള്ള പട്ടയമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് കാര്യം അറിയുന്നത്.
ഇതോടെ ഫോട്ടോ പതിച്ച ഒറിജിനൽ പട്ടയം സ്വീകരിക്കേണ്ട എന്ന നിലപാടിൽ കുടുംബങ്ങൾ എത്തുക ആയിരുന്നു. ഭൂ ഉടമകൾ പ്രതിഷേധ യോഗം ചേർന്ന് നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. വ്യവസ്ഥകളേടെ കിട്ടിയ പട്ടയം 20 വർഷത്തേക്ക് കൈമാറ്റം ചെയ്യാനോ അനന്തരാവകാശികൾക്ക് ഭാഗിച്ചു നൽകാനോ ലോൺ എടുക്കാനോ സാധ്യമല്ല.
വർഷങ്ങൾക്കു മുൻപ് പണം കൊടുത്ത് വാങ്ങിയ ഭൂമി സർക്കാർ ഏറ്റെടുക്കുകയും പിന്നീടത് മിച്ചഭൂമിയായി കണക്കാക്കി ഭൂരഹിതർക്ക് പതിച്ച് നൽകുന്ന രീതിയിലാണ് ഇവർക്കും പട്ടയം നൽകിയിരിക്കുന്നത്.
ഭൂപരിഷ്കരണ നിയമത്തിലെ ഏഴ് ഇ ഭേദഗതി പ്രകാരം നാല് സെന്റ് മുതൽ നാല് ഏക്കർ വരെ ഭൂമിയുള്ള മിച്ചഭൂമിയാണെന്ന് അറിയാതെ വിലകൊടുത്തു വാങ്ങി വഞ്ചിതരായ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇത് ലഭിക്കുന്നതിനായി ഭൂഉടമകൾ കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണലിലും ഇരിട്ടി താലൂക്ക് വന്നതോടെ ഇരിട്ടി ലാൻഡ് ട്രീബ്യൂണലിലും അപേക്ഷ നൽകി 10 തവണകളായി വിചാരണ പൂർത്തിയാക്കി ഉപാധിരഹിത പട്ടയത്തിനായി ഉത്തരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വൻ അട്ടിമറി ഉണ്ടായിരിക്കുന്നത്.
ചെടിക്കുളം കൊട്ടാരത്ത് 40 വർഷത്തിലധികമായി വീടുവെച്ചും കൃഷിനടത്തിയും ജീവിക്കുന്ന 47 കുടുംബങ്ങളുടെ 52 ആധാരങ്ങളുടെ ആധികാരികത പരിശോധിച്ചാണ് പട്ടയം അനുവദിക്കാൻ തീരുമാനിച്ചത്. ഇതിനായി പ്രത്യേക റവന്യു സംഘത്തേയും സർക്കാർ നിയമിച്ചിരുന്നു. 47 കുടുംബങ്ങളിൽ 33 കുടുംബങ്ങൾക്കാണ് പട്ടയം അനുവദിക്കാൻ തീരുമാനിച്ചത്.
കുന്നത്തു ചിറയിൽ അബ്ദുറഹ്മാൻ എന്നയാളിൽ നിന്ന് വർഷങ്ങൾക്ക് മുൻമ്പ് ഭൂമി വാങ്ങി താമസമാക്കിയവരാണ് ചെടിക്കുളം കൊട്ടാരം നിവാസികൾ. 10.91 ഏക്കർ സ്ഥലം വിവിധ കാലങ്ങളിലായി 47 കുടുംബങ്ങൾ വിലകൊടുത്തു വാങ്ങുകയായിരുന്നു. 10 സെന്റ് മുതൽ ഒരേക്കർ വരെ ഭൂമിയുള്ള കൈവശക്കാരാണ് കുടുംബങ്ങൾ.
ആശ്വാസം നികുതി സ്വീകരിക്കുന്നതിൽ
പട്ടയം ഉപാധി രഹിതമാക്കാനുള്ള ശ്രമം തുടരുമ്പോഴും കൈവശക്കാരിൽ നിന്നും നികുതി സ്വീകരിക്കാൻ തുടങ്ങിയത് പ്രദേശവാസികൾക്ക് ആശ്വാസമാണ്. ഉപാധി രഹിതമാക്കുന്നതിന് മാസങ്ങൾക്ക് മുൻമ്പ് താലൂക്കിൽ അപേക്ഷ നൽകിയവരോട് ലാൻഡ് ബോർഡിൽ നിന്നും കൈമാറ്റം ചെയ്യാൻ ഉദേശിക്കുന്നവരുടെ ലിസ്റ്റ് തേടിയിരിക്കുകയാണ്.