വയത്തൂരിൽ കടുവയെ കണ്ടതായി തൊഴിലാളികൾ
1375537
Sunday, December 3, 2023 6:42 AM IST
ഉളിക്കൽ: വയത്തൂരില് കടുവയെ കണ്ടതായി തൊഴിലാളികള്. വയത്തൂര് അമ്പലത്തിന് സമീപമുള്ള കശുമാവിന് തോട്ടത്തില് കാട് വെട്ടിതെളിക്കുന്നതിനിടയില് കടുവയെ കണ്ടതായാണ് തൊഴിലാളികള് പറയുന്നത്. വിവരം അറിഞ്ഞ വനംവകുപ്പും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പയ്യാവൂർ സ്വദേശി സഹജന്റെ കശുമാവിൻ തോട്ടത്തിലെ കാട് വെട്ടിത്തലിക്കുന്നതിനിട യിലാണ് വയത്തൂർ സ്വദേശി സജി ഒരു ജീവിയെ കാണുന്നത്.
ആദ്യം കാട്ടുപന്നിയാണെന്ന് ധരിച്ച് സജി തന്റെ സുഹൃത്തുക്കളായ ചന്ദ്രൻ, ഗംഗാധരൻ എന്നിവരെ വിളിച്ചുവരുത്തുകയായിരുന്നു. അവരെത്തി നിരീക്ഷിച്ചപ്പോഴാണ് കടുവയാണെന്ന് മനസിലായത്. അതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് തൊഴിലാളികൾ പറഞ്ഞത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉൾപ്പെടെ പഞ്ചായത്ത് അധികൃതരും ഉളിക്കൽ ഇൻസ്പെക്ടർ സുധീറിന്റെ നേതൃത്വത്തിൽ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
എന്നാൽ ഈ മേഖലയിൽ നിന്നും കടുവയുടെ കാൽപ്പാടോ മറ്റോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വനാതിർത്തിയിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ ഉള്ളിൽ ജനവാസ മേഖലയിലുള്ള സ്ഥലമാണിത്. മാസങ്ങൾക്ക് മുന്പ് ആന ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഒരാളെ കൊല്ലുകയും ചെയ്തശേഷം വീണ്ടും ഒരു വന്യ മൃഗത്തിന്റെ സാന്നിധ്യം ജനങ്ങളിൽ ആശങ്ക പരത്തിയിരിക്കുകയാണ്. വനപാലകരുടെ നേതൃത്വത്തിൽ രാത്രിയിലും നിരീക്ഷണം ശക്തമാക്കി.