ഒന്പതു വർഷമായി പോലീസിനോട് ചോദിക്കുന്നു; ദിയ ഫാത്തിമ എവിടെ ?
1374466
Wednesday, November 29, 2023 7:56 AM IST
ഇരിട്ടി: കീഴ്പള്ളിയിലെ ഒന്നരവയസുകാരിയുടെ തിരോധാനം ഒന്പതുവർഷം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനാകാതെ പോലീസും ക്രൈബ്രാഞ്ചും. കോഴിയോട്ട് പാറക്കണ്ണി വീട്ടിൽ സുഹൈൽ-ഫാത്തിമത്ത് സുഹ്റ ദമ്പതികളുടെ മകളായ ദിയാ ഫാത്തിമയെയാണ് 2014 ഒാഗസ്റ്റ് ഒന്നിന് രാവിലെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കാണാതായത്.
കനത്ത മഴയിൽ വീടിന് സമീപത്തെ കൈത്തോട്ടിൽ കുട്ടി അബദ്ധത്തിൽ അകപ്പെട്ടിട്ടുണ്ടാകാം എന്നുകരുതി നാട്ടുകാരും ബന്ധുക്കളും പോലീസും കീഴ്പള്ളി മേഖലയിലെ പുഴകളും വളപട്ടണം പുഴയിലും തീരദേശ മേഖലകളിൽ ഉൾപ്പെടെ ആഴ്ചകളോളം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിച്ചവച്ചു നടക്കാൻ പഠിച്ചുവരുന്ന ഒന്നര വയസുകാരി വീടിനടുത്തു നിന്നും 100 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നുപോകാൻ കഴിയില്ലെന്നാണ് കുട്ടിയുടെ പിതാവ് സുഹൈൽ പറയുന്നത്.
കുട്ടിയെ കാണാതാകുമ്പോൾ രണ്ടര പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ ഇരിട്ടി ഡി വൈ എസ് പി പി.സുകുമാരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കുട്ടിയുടെ തിരോധാനം സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന തെളിവുകൾ പോലീസിന് ലഭിച്ചില്ല. തുടർന്ന് മകളുടെ തിരോധാനം സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകൻ അരുൺ കാരണവർ മുഖേന കുട്ടിയുടെ കുടുംബം 2016ൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തിരുന്നു.
തുടർന്ന് കോടതിയുടെ ഇടപെടലിന്റെ ഭാഗമായി 2017 ഒാഗസ്റ്റിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും അന്നത്തെ ക്രൈംബ്രാഞ്ച് ഐജി ദിനേശ് കശ്യപിന്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പ്രേമരാജിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താൻ ആകാതെ ക്രൈംബ്രാഞ്ചും അന്വേഷണം മന്ദഗതിയിലായി.
ഇതിനിടെ കാണാതായ ദിയാ ഫാത്തിമയുടെ രൂപസാദൃശ്യമുള്ള കുട്ടിയെ മറ്റ് മൂന്ന് കുട്ടികളും ഒരു സ്ത്രീയും പുരുഷനുമൊപ്പം അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാന്ഡിലെ കടയ്ക്കു മുന്നിൽ നിൽക്കുന്നതായി പുറത്തുവന്ന സിസിടിവി ദൃശ്യം സംബന്ധിച്ച് അന്വേഷിക്കാൻ അന്നത്തെ അന്വേഷണ സംഘം ഇന്നും തയാറായിട്ടില്ല എന്നാണ് മാതാപിതാക്കളുടെ പരാതി.
സിസിടിവി ദൃശ്യങ്ങൾ തങ്ങളെ കാണിച്ചു എന്ന് കോടതിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചുവെന്നും മാതാപിതാക്കൾ പരാതി പറയുന്നു. 9 വർഷം പിന്നിടുമ്പോഴും അന്വേഷണത്തിന് തെളിവുകൾ ഒന്നും ലഭിക്കാതെ പോലീസും അന്വേഷണം തുടരുകയാണ്. അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ അടക്കം സംഘത്തിലെ പലരും സർവീസിൽ നിന്നും വിരമിച്ചതോടെ അന്വേഷണം നിലച്ച മട്ടാണ്. തിങ്കളാഴ്ച കൊല്ലത്തു നടന്ന സംഭവം അറിഞ്ഞതോടെ ദിയയുടെ മാതാപിതാക്കൾ കൂടുതൽ ആശങ്കയിലായിരുന്നു.
മകളുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും പോലീസിന്റെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഏതാനും മാസം മുൻപ് വീണ്ടും ഹൈക്കോടതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി കൊടുത്ത്പ്രതീക്ഷ കൈവിടാതെ ദിയ ഫാത്തിമയ്ക്കായി കാത്തിരിക്കുകയാണ് കുടുംബം.