പൗരോഹിത്യത്തിന്റെ വജ്രജൂബിലി നിറവിൽ മാർ ജോർജ് വലിയമറ്റം
1374465
Wednesday, November 29, 2023 7:56 AM IST
തലശേരി: ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം പൗരോഹിത്യജീവിതത്തിന്റെ വജ്രജൂബിലി നിറവിൽ. നാളെ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചിട്ട് അറുപതു വർഷം പൂർത്തിയാകുന്പോൾ പ്രത്യേക ആഘോഷങ്ങളൊന്നുമില്ല.
23 വർഷം തലശേരി അതിരൂപതയെ നയിച്ച മാർ ജോർജ് വലിയമറ്റം 2014 സെപ്റ്റംബർ 29 നാണ് വിരമിച്ചത്. ലാളിത്യത്തിന്റെ ആൾരൂപമെന്ന് വിശേപ്പിക്കപ്പെടുന്ന ഇടയൻ തലശേരി അതിരൂപത ആർച്ച് ബിഷപ്സ് ഹൗസിലെ വിശ്രമജീവിതത്തിനിടയിലും ചുറുചുറുക്കിന്റെ ആത്മീയവഴിയിൽ വിശ്രമമില്ലാതെ സേവനനിരതനാണ്.
ചെറുപുഞ്ചിരി, പതിഞ്ഞ ശബ്ദത്തിൽ ആശയവിനിമയം, ഏത് പ്രതിസന്ധിയേയും ശാന്തമായി നേരിടുന്ന പ്രകൃതം കർഷകരുടെ പോരാട്ടങ്ങൾക്കു മുന്നിൽ നെഞ്ചുവിരിച്ചുനിൽക്കുന്ന കർഷക നേതാവ്, മദ്യമെന്ന മഹാവിപത്തിനെതിരെ സന്ധിയില്ലാ സമരം നയിച്ച ഗാന്ധിയൻ... മാർ ജോർജ് വലിയമറ്റം വടക്കേ മലബാറിന്റെ സാമൂഹിക - സാംസ്കാരിക രംഗങ്ങളിൽ എന്നും എപ്പോഴും നിറസാന്നിധ്യം തന്നെയാണ്.
അരമനയിൽ എപ്പോഴും ആർക്കും കാണാവുന്ന മതമേലധ്യക്ഷനായിരുന്നു പിതാവ്. ഹവായ് ചെരുപ്പ് ധരിച്ച് മലമടക്കുകളിലൂടെ സഞ്ചരിച്ച് കുടിയേറ്റ ജനതയുടെ കണ്ണീരൊപ്പിയ മാർ ജോർജ് വലിയമറ്റം, തലശേരി, പാനൂർ, മേഖലയിലെ രാഷ്ട്രീയ സംഘർഷ കാലഘട്ടത്തിൽ സമാധാന ദൗത്യവുമായി പല തവണ സംഘർഷ മേഖലകളിലൂടെ സഞ്ചരിച്ചു. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന നിലയിൽ കൊന്നും കൊലവിളിച്ചും മുന്നേറിയ രാഷട്രീയ നേതാക്കൾക്കും പ്രവർത്തകർക്കുമിടയിലേക്ക് സമാധാന സന്ദേശവുമായി കടന്നു ചെല്ലുക അത്ര എളുപ്പമായിരുന്നില്ല.
സമാധാന സന്ദേശമുയർത്തി സംഘർഷത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ വീട്ടിലേക്ക് പിതാവിന്റെ നേതൃത്വത്തിൽ യാത്ര തിരിക്കുമ്പോൾ നിയമപാലകർ പോലും ആശങ്കകൾ പങ്ക് വച്ചിട്ടുണ്ട്. എന്നാൽ എല്ലാം ദൈവത്തിലർപ്പിച്ച് ചോര വീണ പാതകളിലൂടെ രക്തസാക്ഷികളായും ബലിദാനികളുടേയും വീടുകളിലേക്ക് കൂസലില്ലാതെ പിതാവ് നടന്നു കയറി..അവരെ ആശ്വസിപ്പിച്ചു.
കർഷക കുടുംബമായിരുന്ന വലിയമറ്റം തോമസിന്റെയും അന്നമ്മയുടെയും മകനായി 1938 സെപ്റ്റംബർ 16 ന് ചങ്ങനാശേരി അതിരൂപതയിലെ പുന്നത്തറയിൽ ജനിച്ച അദ്ദേഹം നരിവേലി, പുന്നത്തറ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം തലശേരി രൂപതയ്ക്കു വേണ്ടി വൈദികനാകാൻ 1955 ലാണ് സെമിനാരിയിൽ ചേർന്നത്. റോമിൽ വച്ച് തലശേരി അതിരൂപതയുടെ പ്രഥമ ബിഷപ് വള്ളോപ്പിള്ളിയിൽനിന്ന് 1963 നവംബർ 30ന് പൗരോഹിത്യം സ്വീകരിച്ചു.
1967 ൽ റോമിലെ പഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം ആദ്യം നിയമിതനാകുന്നത് കോടഞ്ചേരി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായിട്ടാണ്. 1983 ൽ മൈനർ സെമിനാരി റക്ടറായി. 1986 ൽ താമരശേരി രൂപത ചാൻസിലറായി നിയമിതനായി. പിന്നീട് 1988 ൽ അവിടെതന്നെ മതബോധന ഡയറക്ടറായി പ്രവർത്തിക്കുന്പോഴാണ് തലശേരി രൂപതയിലേക്കു തിരികെ വിളിച്ചത്.
അവിടെ നിരവധി ചുമതലകളാണ് മാർ വള്ളോപ്പിള്ളി അദ്ദേഹത്തിനു നൽകിയത്. ബിഷപ്പിന്റെ സെക്രട്ടറി, രൂപതാ ചാൻസലർ തുടങ്ങി ഒട്ടേറെ ചുമതലകളാണ് അദ്ദേഹം ഒന്നിച്ചുനിർവഹിച്ചത്.
1989 മേയ് ഒന്നിന് തലശേരി രൂപതയുടെ മെത്രാനായി ഭരണസാരഥ്യം ഏറ്റെടുത്തു. 1995 മേയ് 18നു തലശേരി രൂപതയെ അതിരൂപതയായും മാർ ജോർജ് വലിയമറ്റത്തെ ആർച്ച്ബിഷപ്പായും മാർപാപ്പാ ഉയർത്തി. അതേവർഷം ജൂലൈ 24-നായിരുന്നു സ്ഥാനാരോഹണം.
സ്വന്തം ലേഖകൻ