സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് യാത്രികരെ വലച്ചു
1374452
Wednesday, November 29, 2023 7:56 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് ആലക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറെ കള്ളക്കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തുവെന്നാരോപിച്ച് ബസ് ജീവനക്കാർ ഇന്നലെ പണിമുടക്കിയതിനെ തുടർന്ന് ജനം ദുരിതത്തിലായി. തളിപ്പറമ്പ്-ആലക്കോട്, തളിപ്പറമ്പ്-കണ്ണൂർ, തളിപ്പറമ്പ്-പയ്യന്നൂർ റൂട്ടുകളിലാണ് സ്വകാര്യ ബസുകൾ ഇന്നലെ സർവീസ് നടത്താതിരുന്നത്. വിദ്യാർഥികളടക്കമുള്ള യാത്രികരാണ് സ്വകാര്യ ബസുകളുടെ അഭാവത്തിൽ കടുത്ത ദുരിതത്തിലായത്.
ഒരു യൂണിയനുകളുടേയും ആഹ്വാനമില്ലാതെ വാട്സ്ആപ് മെസേജ് വഴി ആഹ്വാനം ചെയ്താണ് ബസ് തൊഴിലാളികൾ സമരം നടത്തിയത്. സ്വതന്ത്രമായി തൊഴിലെടുക്കാൻ കഴിയാത്ത സാഹചര്യമാണെന്നും നിലനിൽപ്പിന് വേണ്ടിയുള്ള പ്രതിഷേധ സമരമാണെന്നുമാണ് തൊഴിലാളികൾ പറയുന്നത്. ഇപ്പോൾ അറസ്റ്റിലായ കണ്ടക്ടർക്ക് മേൽ ചുമത്തിയത് കള്ളക്കേസാണ്. നാളെ തങ്ങൾക്കെതിരേയും ഇത് സംഭവിക്കാമെന്നതിനാലാണ് തൊഴിൽ ബഹിഷ്കരണം നടത്തിയതെന്നും തൊഴിലാളികൾ പറയുന്നു.
തൊഴിലാളികൾ ആലക്കോടും, തളിപ്പറമ്പിലും പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് തൊഴിലാളികൾ തളിപ്പറമ്പ് ഡിവൈഎസ്പിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ബസ് സമരം പിൻവലിച്ചു. രണ്ടു ദിവസം മുന്പ് തളിപ്പറമ്പ്-ആലക്കോട് റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറെ പോക്സോ നിയമ പ്രകാരം തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.