ആലക്കോട് പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി
1374447
Wednesday, November 29, 2023 7:55 AM IST
ആലക്കോട്: രണ്ട് വർഷത്തിലേറെയായി ഭരണ ചുമതല നിർവഹിക്കാൻ സാധിക്കാത്ത വിധം രോഗബാധിതയായ ആലക്കോട് പഞ്ചായത്ത് പരപ്പ വാർഡ് അംഗം ഷൈലാകുമാരി രാജിവെക്കണമെന്നാവിശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ ആലക്കോട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം. കരുണാകരൻ ഉദ്ഘാടനം ചെയ്തു.
സി.പി. ശോമശേഖരൻ അധ്യക്ഷത വഹിച്ചു. സാജൻ കെ. ജോസഫ്, ഡെന്നീസ് വാഴപ്പള്ളിൽ, പി.വി. ബാബുരാജ്, ബിജു പുതുക്കള്ളിൽ, എം.എസ്. മിനി, ജെയ്മി ജോർജ്, കെ.പി. സാബു എന്നിവർ പ്രസംഗിച്ചു.
സമരം ജനാധിപത്യ വിരുദ്ധം: യുഡിഎഫ്
ആലക്കോട്: പരപ്പ വാർഡ് മെംബർക്കെതിരേ എൽഡിഎഫ് നടത്തിയ ആലക്കോട് പഞ്ചായത്ത് മാർച്ച് ജനാധിപത്യ വിരുദ്ധവും ജനപ്രതിനിധിയെ അധിക്ഷേപിക്കുന്നതുമാണെന്ന് യുഡിഎഫ് ആലക്കോട് പഞ്ചായത്ത് കമ്മിറ്റി. മുൻ വർഷങ്ങളിൽ പരപ്പ വാർഡിലെ ആശാ വർക്കർ എന്ന നിലയിൽ ഏറ്റവും മികച്ച പ്രവർത്തനമാണ് ഷൈലകുമാരി കാഴ്ചവച്ചത്.
ആലക്കോട് പഞ്ചായത്തിലെ ഏറ്റവും നല്ല വികസന പ്രവർത്തനമാണ് പരപ്പ വാർഡിൽ നടക്കുന്നത്. ഷൈലകുമാരിക്ക് അടിയന്തരമായി ഒരു ഓപ്പറേഷൻ വേണ്ടി വന്ന സാഹചര്യത്തിൽ നിയമ പ്രകാരം ലീവ് എടുക്കുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. രോഗബാധിതയായി എന്ന ഒറ്റക്കാരണത്താൽ ഒരു ജനപ്രതിനിധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അനാവശ്യ സമരങ്ങൾ സംഘടിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും എൽഡിഎഫിന്റെ ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.
യുഡിഎഫ് ചെയർമാൻ ബാബു പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. കൺവീനർ വി.വി. അബ്ദുള്ള, ജോസ് വട്ടമല, പി.എം. മുഹമ്മദ് കുഞ്ഞി, എൻ.ജെ. ജോസഫ്, റോയി ചെക്കാനിക്കുന്നേൽ, മാത്യു ചാണാക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.