മികച്ച സഹകാരി, നാടിനായി കർമനിരതൻ; അപ്രതീക്ഷിതം എംആറിന്റെ വിടവാങ്ങൽ
1374036
Tuesday, November 28, 2023 1:14 AM IST
കൊളക്കാട്: കൊളക്കാട് ക്ഷീരസഹകരണ സംഘം സ്ഥാപക പ്രസിഡന്റിന് സംഘം ഓഫീസിനു മുന്നിൽ അന്ത്യാഞ്ജലി അർപ്പിച്ച് നേതാക്കളും സുഹൃത്തുക്കളും. 25 വർഷത്തിലധികം സംഘത്തിന്റെ പ്രസിഡന്റായിരുന്നു ബാങ്കുകളുടെ ജപ്തിഭീഷണിയിൽനിന്ന് കരകയറാനാകാതെ ജീവനൊടുക്കിയ എം.ആർ. ആൽബർട്ട് എന്ന കർഷകൻ. രണ്ടു മാസം മുമ്പാണ് അദ്ദേഹം സ്വയം സ്ഥാനം ഒഴിയുന്നത്. ഇത്രയും കാലം സംഘത്തിൽ പാൽ അളന്നതും ആൽബർട്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ ആത്മാർഥത വെളിപ്പെടുത്തുന്നു.
കർഷകരുടെ യഥാർഥ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അറിയാവുന്ന ഒരു സംഘം പ്രസിഡന്റായിരുന്നു അദ്ദേഹം. രാജമുടി മേഖലയിൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിന് മുഖ്യപങ്കുവഹിച്ചു. രാജമുടി, മലയാമ്പടി മേഖലകളിലെ വിവിധ റോഡ് നിർമാണത്തിന് മുൻകൈയെടുത്തു.
രാജമുടി പള്ളിയിലെ പ്രധാന സഹകാരിയായിരുന്നു. സീനിയർ സിറ്റിസൺ ഫോറം കൊളക്കാട് മേഖലാ പ്രസിഡന്റായും പ്രവർത്തിച്ചു. കോൺഗ്രസ് കണിച്ചാർ മണ്ഡലം സെക്രട്ടറിയായ ഇദ്ദേഹം ഏറെക്കാലം ദീപിക പത്രത്തിന്റെ ഏജന്റുമായിരുന്നു.
ഈ കപടലോകത്തിൽ നിന്നും താൻ പോവുകയാണെന്നും താൻ ഉൾപ്പെട്ട സ്വാശ്രയ സംഘത്തിൽ നിന്നും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല എന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
മാധ്യമ സുഹൃത്തുക്കൾക്ക് പ്രത്യേക ആശംസയും ആത്മഹത്യാക്കുറിപ്പിലുണ്ട്.