കവ്വായിയിൽ ആറു പേർക്ക് തെരുവുനായയുടെ കടിയേറ്റു
1338457
Tuesday, September 26, 2023 1:25 AM IST
പയ്യന്നൂർ: കവ്വായിയിൽ വിദ്യാർഥികളും വീട്ടമ്മയുമടക്കം ആറു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. സാരമായ പരിക്കേറ്റ ഇവരെ താലൂക്ക് ആശുപത്രിയിലെ പ്രഥമിക ശുശ്രൂഷയക്ക് ശേഷം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്കൂട്ടർ യാത്രികയായ ടി.എം.വി.റൈഹാനത്ത് (43), പി.പി.അബ്ദുല്ല (23), വിദ്യാർഥികളായ സി.എച്ച്.സിയാൻ (10) കെ.ഇജാസ് (17), കെ.പി.റംഷാദ് (12), ടി.പി. റൈനാൻ (നാല്) എന്നിവർക്കാണ് കടയേറ്റത്. റൈഹാനത്തിനെ നായക്കൂട്ടം വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു.
കവ്വായി സെന്റർ, ഗാന്ധിനഗർ സിദ്ധീഖ് പള്ളി പരിസരം എന്നിവിടങ്ങളിലായിരുന്നു നായ്ക്കളുടെ വിളയാട്ടം. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. പയ്യന്നൂർ ടൗൺ,ബൈപാസ് റോഡ്, ഗവ. ഗേൾസ് ഹൈസ്കൂൾ പരിസരം ,ബോയ്സ് ഗ്രൗണ്ട് പരിസരം, സെന്റ് മേരീസ് സ്കൂൾ പരിസരം, തായിനേരി റോഡ്, മുത്തപ്പൻ റോഡ്, പോലീസ് സ്റ്റേഷൻ പരിസരം തുടങ്ങി ടൗണിന്റെ എല്ലാ ഭാഗത്തും തെരുവ് നായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ബോയ്സ് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന 10 വയസുകാരനെ നായ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു.