ആലോറ പ്രദേശം ഔട്ട് ഓഫ് റേഞ്ചിൽ
1337750
Saturday, September 23, 2023 2:30 AM IST
ശ്രീകണ്ഠപുരം: നഗരസഭയിലെ കംബ്ലാരി വാർഡിനോട് ചേർന്ന ആലോറ മേഖലയിൽ മൊബൈൽ ഫോണിന് റേഞ്ചില്ലാത്തതിനാല്‍ ജനം ദുരിതത്തിൽ. സ്വകാര്യകമ്പനിയുടെ ടവർ സിഗ്നൽ ഒരു ഭാഗത്ത് മാത്രം കിട്ടുന്ന വിധത്തിൽ ക്രമീകരിച്ചെന്നാണ് ആരോപണം.
ശ്രീകണ്ഠപുരം ചേപ്പറമ്പിനും കംബ്ലാരിക്കുമിടയിൽ ആലോറയിലെ ചെങ്കൽ പണതൊഴിലാളികളും വ്യാപാരികളും ഓട്ടോതൊഴിലാളികളും ആണ് ഏറ്റവും അധികം ദുരിതം നേരിടുന്നത്. പയറ്റിയാൽ, കംബ്ലാരി ഭാഗത്ത് മുമ്പ് റേഞ്ചില്ലാത്ത് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം വരെ പ്രതിസന്ധിയിലായിരുന്നു. ഉപഭോക്താക്കൾ പകൽ സമയത്ത് പ്രദേശത്തെ ഓരോ ഭാഗത്തും റേഞ്ചിനായി ശ്രമം നടത്തുന്നത് പതിവ് കാഴ്ചയാണ്.
കോവിഡ് കാലത്തെ പഠനം ഓണ്‍ലൈനായതോടെയാണ് കംബ്ലാരി, പയറ്റിയാൽ, ചേപ്പറമ്പ് പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടി റേഞ്ച് കണ്ടെത്തുന്നതിന് നാട്ടുകാർ സംഘടിച്ചത്. ചേപ്പറമ്പിനും അലോറക്കും ഇടയിലുള്ള മേഖലയിൽ മൊബൈൽ ടവർ സ്ഥാപിച്ചു ദുരിതം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാരുടെ ആവശ്യം. ഓൺലൈനിലൂടെ ജോലി ചെയ്യുന്നവരും പ്രതിസന്ധിയിലാണ്.
ബിഎസ്എൻഎലിന് ടവർ ചില ഭാഗത്ത് ഉണ്ടെങ്കിലും നാട്ടുകാര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല. വീടിനകത്ത് റേഞ്ച് ഇല്ല. ഉയർന്ന പ്രദേശത്ത് കയറിയാലെ നെറ്റ്വര്‍ക്ക് കിട്ടൂ. മുമ്പ് സ്വകാര്യ കമ്പനികൾക്ക് ഇവിടെ റേഞ്ച് കിട്ടിയിരുന്നു. എന്നാൽ, ഇപ്പോൾ അതുമില്ലാത്ത അവസ്ഥയാണ്.