കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് സിന്തറ്റിക് ട്രാക്കും, ഫുട്ബോൾ മൈതാനവും: ഒരുക്കങ്ങൾ വിലയിരുത്തി
1337738
Saturday, September 23, 2023 2:21 AM IST
* മുഖ്യമന്ത്രി 24ന് ഉദ്ഘാടനം ചെയ്യും
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും ഫിഫ നിലവാരത്തിനൊത്ത ഫുട്ബോള്‍ മൈതാനവും 24ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി വീണാ ജോര്‍ജ് മുഖ്യതിഥിയാവുമെന്ന് സംഘാടക സമിതി ചെയര്മാന് എം. വിജിന് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി വി. അബ്ദുറഹിമാന്, എംപിമാരായ രാജ്മോഹന്‍ ഉണ്ണിത്താന്, ഡോ. വി. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, പി. സന്തോഷ്കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
ഉദ്ഘാടക ദിനത്തിൽ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷണിലെ മികച്ച വനിതാ അത്ലറ്റുകള് പങ്കെടുക്കുന്ന ഓട്ടമത്സരവും, ഫുട്ബോള്‍ മൈതാനത്ത് പയ്യന്നൂര്‍ ഫുട്ബോള്‍ അക്കാദമിയിലെയും തൃക്കരിപ്പൂര്‍ ഫുട്ബോള്‍ അക്കാദമിയിലെയും പെണ്‍കുട്ടികളുടെ ടീമുകള്‍ തമ്മിൽ മത്സരവും നടക്കും. തുടര്‍ന്ന് പുരുഷ വിഭാഗത്തിലെ മെഡിക്കല്‍ ഡെന്റല്‍ വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന ടീമും ഫാര്‍മസി, നഴ്സിംഗ് കോളജും തമ്മിൽ മാറ്റുരയ്ക്കും. ഈ മത്സരങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ ഉദ്ഘാടനച്ചടങ്ങ് അവസാനിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ കെ. പദ്മനാഭന്, ഡോ. ഷീബാ ദാമോദര്‍, ഡോ. കെ. സുദീപ്, പി.പി. ബിനീഷ്, ജയരാജ് മാതമംഗലം, അജിത് പാനൂര്‍ എന്നിവര്‍ പങ്കെടുത്തു. വാർത്താ സമ്മേളനത്തിന് ശേഷം എംഎൽഎയും സംഘവും ഉദ്ഘാടക ഗ്രൗണ്ട് സന്ദർശിച്ചു.