ഹൃദ്യം പദ്ധതി; ജില്ലയില്‍ 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി
1337495
Friday, September 22, 2023 3:31 AM IST
കണ്ണൂർ: ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയയും 158 കുട്ടികള്‍ക്ക് സ്ട്രക്ച്ചറല്‍ ഇന്റര്വന്ഷനും പൂര്‍ത്തിയാക്കി.1152 കുട്ടികളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.
ഇവയില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കല്‍ ഫോളോ അപ്പ് മാത്രം ആവശ്യമുള്ള കുട്ടികളും ഉള്‍പ്പെടുന്നു.നവജാത ശിശുക്കള്‍ മുതല്‍ 18 വയസ് വരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സൗജന്യ ചികിത്സയാണ് ഹൃദ്യം പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.
ജനന സമയത്ത് സര്‍ക്കാര്‍ ആശുപത്രികളിലുള്ള പരിശോധന, ഗൃഹസന്ദര്‍ശനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പരിശോധന, അങ്കണവാടികളിലും സ്കൂളുകളിലും നടത്തുന്ന ആര് ബി എസ് കെ സ്ക്രീനിംഗ് എന്നിവ വഴിയാണ് കുട്ടികളിലെ ഹൃദ്രോഗം കണ്ടെത്തുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളേയും പള്‍സ് ഓക്സിമെട്രി സ്ക്രീനിംഗിന് വിധേയരാക്കും.
ശിശുരോഗവിദഗ്ധന്റെ സഹായത്തോടെ എക്കോ ടെസ്റ്റ് ഉള്‍പ്പെടെ നടത്തി ജന്മനാലുളള ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കുഞ്ഞുങ്ങളെ കൃത്യമായി കണ്ടെത്തും.സ്വകാര്യ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പദ്ധതി വഴി സേവനം ലഭിക്കും.
ഇത്തരത്തില്‍ ഹൃദ്രോഗം കണ്ടെത്തുന്ന കുട്ടികളുടെ പേര് വിവരങ്ങൾ http://hridyam.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. വ്യക്തികള്‍ക്ക് സ്വന്തമായി രജിസ്ട്രേഷന് നടത്താം. കൂടാതെ എല്ലാ ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വന്‍ഷന്‍ സെന്ററുകളിലും (ഡിഇഐസി) രജിസ്ട്രേഷന് ചെയ്യാനുള്ള ലോഗിന്‍ ഐഡികള്‍ നല്‍കിയിട്ടുണ്ട്.
ഗര്‍ഭസ്ഥ ശിശുവിനെ പരിശോധിച്ച് പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ ഫീറ്റല്‍ രജിസ്ട്രേഷന് നടത്താനും പദ്ധതിയില്‍ സാധിക്കും.