ബസുകളുടെ ചീറിപ്പാച്ചിലിൽ പൊലിഞ്ഞത് 10 ജീവനുകൾ
1337228
Thursday, September 21, 2023 7:17 AM IST
കണ്ണൂർ: ജില്ലയിൽ അപകടങ്ങൾ തുടർക്കഥയാകുന്പോഴും ചരക്കു ലോറികളും ബസുകളും നിരത്തിൽ ചീറിപ്പായുകയാണ്.രണ്ടാഴ്ചക്കിടെ ജില്ലയുടെ പല ഭാഗങ്ങളിൽ നടന്ന അപകടങ്ങളിൽ പത്തോളം ജീവനുകൾ പൊലിയുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിലാണ് കൂടുതൽ ജീവനുകളും പൊലിഞ്ഞത്. ഇരുചക്ര വാഹനങ്ങളും മറ്റ് ചെറുവാഹനങ്ങളുമാണ് അപകടത്തിൽപെടുന്നവയിൽ ഏറെയും. കഴിഞ്ഞാഴ്ചയാണ് പൂവ്വത്ത് സ്വകാര്യ ബസ് ബെക്കിലിടിച്ച് ബൈക്ക് യാത്രികനായ കണാരം വയൽ സ്വദേശി എം. സജീവൻ മരിച്ചത്.
ഈ അപകടം നടന്ന് രണ്ടു ദിവസം പിന്നിട്ടപ്പോൾ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ കുറുമാത്തൂർ പോലീസ് ഡംബിംഗ് യാർഡിന് സമീപം വെള്ളാരംപാറയില്‍ ബസ് സ്കൂട്ടറിൽ ഇടിച്ച് മാട്ടൂൽ നോർത്ത് മുഹമ്മദ് ഷാഫിയുടെ മകൻ ഷാഹിദ് ബായൻ ( 23), അരിയിൽ സ്വദേശിയും പുളിപ്പറമ്പ് താമസക്കാരനുമായ അഷ്റഫ് (44) എന്നിവർ മരിച്ചു. ഒരാഴ്ചക്കിടെ മൂന്നു ജീവനുകളാണ് തളിപ്പറമ്പ് പ്രദേശത്ത് മാത്രം റോഡിൽ പൊലിഞ്ഞത്.
ഈ കഴിഞ്ഞ തിങ്കളാഴ്ച കൂത്തുപറമ്പ് പാറാലില്‍ സ്വകാര്യബസ് ബൈക്കിലിടിച്ചു ബൈക്ക് യാത്രക്കാരനായ മമ്പറം കുഴിയില്‍ പീടിക സ്വദേശി സി.വി. വിനോദൻ(45) മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉളിക്കല്ലിൽ കല്ലു കയറ്റി വന്ന ലോറിയും സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടിയിൽ യാത്രചെയ്ത കോക്കാട് കോളനിയിലെ ഗോകുൽ ( 23 ) മരിച്ചു.
ഏറ്റവും ഒടുവിലായി ചൊവ്വാഴ്ച കാടാച്ചിറയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കന്പിൽ സ്വദേശി വിഷ്ണുവിന്റെ (18) ജീവനും റോഡിൽ പൊലിഞ്ഞു. വിഷ്ണുവും സുഹൃത്തും പെരളശേരി അന്പലത്തിലെ ദർശനത്തിന് ശേഷം തിരിച്ചു വീട്ടിലേക്ക് മടങ്ങവേ കൂത്തുപറന്പിലേക്കുള്ള സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
അപകടങ്ങളിൽ ഗുരുതര പരിക്കേറ്റ് നിരവധി പേർ ചികിത്സയിലുമുണ്ട്. തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുമ്പോഴും ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാർ തയാറാകുന്നില്ലെന്ന ആരോപണവുമുണ്ട്. അപകടം നടന്ന് ഒരാഴ്ച അല്പം ശ്രദ്ധിക്കുമെങ്കിലും കാര്യങ്ങളെല്ലാം വീണ്ടും പഴയപടിതന്നെയാകും.
ജനവാസ കേന്ദ്രങ്ങളിലൂടെ അമിത വേഗതയിലാണ് ടാങ്കർ ലോറികളും ബസുകളും ചീറിപ്പാഞ്ഞു പോകുന്നത്. പലയിടത്തും മുന്നറിയിപ്പ് ബോർഡുകളും ദിശാസൂചിക ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പല ഡ്രൈവർമാരും ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നുണ്ട്.
വില്ലൻ അമിതവേഗം
ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്. ബസുകളുടെ ചീറിപ്പാച്ചിലുകളിലാണ് അപകടങ്ങൾ കൂടുതലും. കൂടാതെ രാത്രികാലങ്ങളിൽ റോഡ് കാലിയായതു കൊണ്ട് വാഹനങ്ങൾ പലതും അമിതവേഗതയിലാണ്. വേഗപ്പൂട്ട് പല വണ്ടികളിലും ഘടിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാ സ്ഥലങ്ങളിലും ഇത് പ്രാവർത്തികമാക്കാൻ സാധിക്കില്ല. 70 കി.മീ വേഗതയിൽ വളവുകളിലും മറ്റും പോയാൽ വാഹനങ്ങൾ തെന്നിമാറി അപകടങ്ങൾ ഉണ്ടാകൻ സാധ്യതയുണ്ട്. ഒരിടയ്ക്ക് ടാങ്കർ ലോറി അപകടങ്ങൾ പതിവായപ്പോൾ സർക്കാർ കർശന നിർദേശങ്ങൾ കൊണ്ടുവന്നിരുന്നെങ്കിലും കുറച്ചുകാലം ഇത് പാലിക്കപ്പെട്ടു. എന്നാൽ, പിന്നീട് അങ്ങോട്ട് അതും നിന്നു.
പരിശോധന ശക്തമാക്കി
ബസുകളുടെ അമിത വേഗതയിൽ അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കിയെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ഷീബ പറഞ്ഞു. താലൂക്ക് അടിസ്ഥാനത്തിൽ പരിശോധന തുടങ്ങി കഴിഞ്ഞു. ബസുകളുടെ ഫിറ്റ്നസ് പരിശോധനയാണ് നടക്കുന്നത്. പല ബസുകളിലും വേഗപ്പൂട്ട് മാറ്റിയ അവസ്ഥയിലാണ്. അവർക്കെതിരെ കർശന നടപടിയെടുക്കും.
കഴിഞ്ഞ ദിവസം കൂത്തുപറമ്പിൽ നിയമലംഘനം നടത്തിയ ഒരു ബസിന്റെ സിഎഫ്എക്സ് കട്ട് ചെയ്തിട്ടുണ്ട്. പല വാഹനങ്ങളുടെയും ടയറുകൾ തേഞ്ഞ് തീർന്ന നിലയിലാണ്. വർഷാവർഷം വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തണമെന്ന് നിർദേശമുണ്ടെങ്കിലും പല ബസുകളും ഇതു ചെയ്യാറില്ലെന്നും എൻഫോഴ്സ്മെന്റ് ആർടിഒ പറഞ്ഞു.
ഒഴിവാക്കാം അപകടങ്ങൾ
•റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം ഡ്രൈവർമാരുടെ അശ്രദ്ധയാണ്. കൂടാതെ റോഡുകളുടെ ഘടന, ഗതാഗത സംവിധാനത്തിലെ പാളിച്ച എന്നിവയും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
•മാനുഷിക പിഴവ് ഒഴിവാക്കാനുള്ള ഏകവഴി പഴുതടച്ചുള്ള നിയമം നടപ്പാക്കലാണ്. റോഡിൽ പോലീസ്, മോട്ടോർവാഹനവകുപ്പ് പട്രോളിംഗ് വാഹനങ്ങളുടെ സാന്നിധ്യത്തിനും അപകടങ്ങൾ കുറയ്ക്കാനാകും.
• മുന്നിലും പിന്നിലും ശ്രദ്ധ കൊടുത്ത് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം മറ്റു വാഹനങ്ങളെ മറികടക്കുക. * റോഡ് വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടെങ്കിൽ മാത്രം ഓവർടേക്ക് ചെയ്യുക.
•വളവുകൾ, തിരിവുകൾ, നാലും കൂടുന്ന കവലകൾ, ഇടുങ്ങിയ പാലം, സീബ്രാലൈൻ തുടങ്ങിയ ഇടങ്ങളിൽ ഓവർ ടേക്കിംഗ് നടത്താതിരിക്കുക.
• മുന്നിലുള്ള വാഹനത്തിന്റെ വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യുക.
•ഒരു വാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്പോൾ മറ്റേ വാഹനം വേഗത കുറച്ച് ഇടത് വശത്തേക്ക് ചേർത്ത് ഓവർ ടേക്ക് ചെയ്യുന്ന വാഹനത്തിന് കടന്നു പോകാനുള്ള സാഹചര്യം ഒരുക്കുക.
•കയറ്റത്തിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത്.