400 കെ.വി ലൈൻ: മുഖ്യമന്ത്രിക്ക് നിവേദനവുമായി എംഎല്‍എമാര്‍
1337226
Thursday, September 21, 2023 7:17 AM IST
കണ്ണൂർ: കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലൂടെ കിലോമീറ്ററുകളോളം കടന്നുപോകുന്ന 400 കെ.വി കരിന്തളം-വയനാട് വൈദ്യുതി ലൈനിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കൃഷിഭൂമിയും കിടപ്പാടവും നഷ്ടമാകുന്ന പ്രദേശവാസികൾക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്, സണ്ണി ജോസഫ്, എം. രാജഗോപാലന്‍, സജീവ് ജോസഫ്, സി.എച്ച്. കുഞ്ഞമ്പു, ടി.ഐ. മധുസൂദനൻ എന്നിവർ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും നിവേദനം നല്കി.
പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി വ്യക്തമായി പഠനം നടത്തി സ്ഥലത്തിനും മറ്റു കഷ്ടനഷ്ടത്തിനും ന്യായമായ പാക്കേജ് തയാറാക്കി അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ നിലവിലുള്ള മാർക്കറ്റ് വിലയുടെ രണ്ടിരട്ടി തുക നഷ്ടപരിഹാരമായി നൽകുക, ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് നിലവിലുള്ള മാർക്കറ്റ് വില ലഭ്യമാക്കുക (പ്രസ്തുത സ്ഥലത്ത് കർഷകന് ആദായം ലഭിക്കത്തക്ക വിധത്തിൽ യാതൊരു കൃഷികളും ചെയ്യാൻ സാധിക്കില്ല), പദ്ധതി പ്രദേശത്ത് നഷ്ടമാകുന്ന വിളകൾക്കും വൃക്ഷങ്ങൾക്കും ന്യായമായ അർഹമായ നഷ്ടപരിഹാരം നൽകുക, അതിന് കഴിയാത്തപക്ഷം ചുരുങ്ങിയത് ഇടമണ്‍ കൊച്ചി, മാടക്കത്തറ എന്നീ സ്ഥലങ്ങളില്‍ നല്കിയ നഷ്ടപരിഹാര പക്കേജുകളെങ്കിലും നടപ്പാക്കണം.
നാളിതുവരെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ജനപ്രതിനിധികളുമായോ സ്ഥലം നഷ്ടമാകുന്ന ഭൂവുടമകളുമായോ യാതൊരുവിധത്തിലുള്ള ആധികാരിക വിഷയങ്ങളോ പ്രവൃത്തി സംബന്ധമായ വിവരങ്ങളോ ആശയവിനിമയം നടത്തിയിട്ടില്ല. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് അർഹമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു.