വിദ്യാർഥിനിയെ സ്റ്റോപ്പിലിറക്കിയില്ല; ബസ് ജീവനക്കാർക്കെതിരേ പരാതി
1337213
Thursday, September 21, 2023 7:01 AM IST
ഇരിട്ടി: പ്ലസ് ടു വിദ്യാർഥിനിയെ സ്റ്റോപ്പിലിറക്കാത്ത ബസ് ജീവനക്കാർക്കെതിരേ പരാതി നൽകി.ഇരിട്ടി -ശ്രീകണ്ഠപുരം റൂട്ടിലോടുന്ന വിമൽ ബസിലെ ജീവനക്കാർക്കെതിരേ ഇരിട്ടി ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് പരാതി നൽകിയത്. കഴിഞ്ഞദിവസം വൈകുന്നേരം 5:15 ഓടെ ഇരിട്ടിയിൽ നിന്നും ശ്രീകണ്ഠപുരത്തേക്ക് പോകാനായി പെൺക്കുട്ടി വിമൽ ബസിൽ കയറിയത്.
ബസിൽ നല്ല തിരക്ക് ഉണ്ടായിരുന്നതായും പെരുമ്പറമ്പ് സ്കൂളിന് സമീപത്തെ സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴേയ്ക്കും ബസ് പോവുകയായിരുന്നു. ഇതിനിടെ ബസ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടർ യാത്രക്കാരുടെ മുന്നിൽവച്ച് മോശമായി സംസാരിച്ചു. തുടർന്ന് ആളുകൾ ഇല്ലാത്ത വിജന മായ സ്ഥലത്ത് ബസിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
മൂന്ന് സ്റ്റോപ്പുകൾ അപ്പുറം ഇറങ്ങി സമീപത്തെ ഒരു കടയിൽ നിന്നും വീട്ടിലേക്ക് ഫോൺ വിളിച്ച് തിരിച്ച് വീട്ടിലെത്തുകയാണ് ഉണ്ടായതെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു. വീട്ടിലെത്തി രാത്രി തന്നെയാണ് ഇരിട്ടി പോലീസിൽ പരാതി നൽകുന്നത്. ഇന്നലെ രാവിലെ ഇരിട്ടി ജോയിന്റ് ആർടിഒക്കും പരാതി നൽകിയിട്ടുണ്ട്. അടുത്ത ദിവസം ജില്ലാ കളക്ടർക്കും പോലീസ് മേധാവിക്കും ബാലാവകാശ കമ്മീഷനും സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ പരാതി നൽകുമെന്ന് പിടിഎ ഭാരവാഹികളും പറഞ്ഞു.