ജിഎസ്ടി അടച്ചില്ല,കണക്കിലും അവ്യക്തത; വീണ്ടും ബേക്കല്‍ ഫെസ്റ്റുമായി സംഘാടകര്‍
1336973
Wednesday, September 20, 2023 7:25 AM IST
കാസര്‍ഗോഡ്: അഴിമതി ആരോപണങ്ങളുടെയും സാമ്പത്തിക വെട്ടിപ്പിന്റെയും നിഴലില്‍ നില്ക്കുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റുമായി വീണ്ടും സംഘാടകര്‍. ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് സെക്കന്റ് എഡിഷന് 2024 സംഘാടകസമിതി രൂപീകരണ യോഗം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ചേരും.
കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ എന്നു കൊട്ടിഘോഷിച്ച് 2022 ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെയാണ് ഫെസ്റ്റ് നടത്തിയത്. ഉദുമ എംഎല്‍എ സി.എച്ച്. കുഞ്ഞമ്പു ആയിരുന്നു ചെയര്മാന്. പരിപാടി തുടങ്ങുന്നതിനു മുമ്പുതന്നെ കുടുംബശ്രീ വഴി രണ്ടരലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായി സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. സമാപനചടങ്ങില്‍ പത്തുലക്ഷം പേര് ഫെസ്റ്റിനെത്തിയെന്നാണ് പറഞ്ഞത്. എന്നാല്‍ ആകെ നാലു ലക്ഷത്തോളം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അപ്പോള്‍ ബാക്കിയുള്ള ആറുലക്ഷം പേരും ടിക്കറ്റ് എടുക്കാതെ പങ്കെടുത്തെന്ന വാദമാണ് ഇതില്‍ അഴിമതി ആരോപണം ഉയരകാന് കാരണമായത്.
ആദ്യം പുറത്തുവിട്ട കണക്ക് പ്രകാരം 1.79 കോടി രൂപ വരവും 1.44 കോടി ചെലവുമാണ് സംഘാടകര്‍ വെളിപ്പെടുത്തിയത്. 35 ലക്ഷം രൂപ മിച്ചമുണ്ടെന്നും എന്നാല്‍ ജിഎസ്ടി കൂടി അടയ്ക്കേണ്ടതുണ്ടെന്നും ഇതുകൂടി അടച്ചാല്‍ കമ്മി ആയിരിക്കുമെന്നും അന്നു പറയുകയുണ്ടായി. പിന്നീട് സംഘാടകര്‍ നല്കിയ കണക്ക് പ്രകാരം മിച്ചവരുമാനം 13 ലക്ഷം രൂപ മാത്രമായി ചുരുങ്ങി. അപ്പോഴും ജിഎസ്ടി അടയ്ക്കാന്‍ ബാക്കിയുണ്ടെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയത്. ജിഎസ്ടി ഇനത്തില്‍ 39 ലക്ഷം രൂപ അടയ്ക്കണമെന്ന് ജിഎസ്ടി വകുപ്പ് സംഘാടകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അത് ഇതുവരെയായി അടച്ചിട്ടില്ല.
സ്റ്റോര്‍ പര്‍ച്ചേസ് ആക്ടിലും മാനുവലിലും നഗ്നമായ ലംഘനം നടന്നിട്ടുണ്ടെന്നും എല്ലാ ഇടപാടുകളിലും വ്യക്തമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. അത് പോലെ തന്നെ പഞ്ചായത്തിനു ലഭിക്കേണ്ട നികുതിയിലും കാര്യമായ കൃത്രിമം നടന്നിട്ടുണ്ടെന്നും ടിക്കറ്റ് അച്ചടിച്ചതിലും അതിന്റെ വില്പനയിലും വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നും പറയുന്നു. ഇതേത്തുടർന്നാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍ മുഖ്യമന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കിയത്. പരാതി കാസര്‍ഗോഡ് വിജിലന്‍സ് യൂണിറ്റിലേക്ക് എത്തുകയും അവിടെനിന്ന് പരാതിക്കാരനെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടുകയും ചെയ്തു. പരാതിക്കാരന് നല്കിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ അനന്തരനടപടികള്‍ക്കായി വിജിലന്‍സ് ഡയറക്ടറിലേക്ക് പരാതി കൈമാറുകയും ചെയ്തിട്ടുണ്ട്.
ഈയൊരു സാഹചര്യത്തില്‍ രണ്ടാം ബീച്ച് ഫെസ്റ്റുമായി എംഎല്‍എ മുന്നോട്ടുവന്നത് ഇതില്‍നിന്ന് ലഭിക്കുന്ന അഴിമതിയുടെ കൊള്ളലാഭം മുന്‍കൂട്ടി കണ്ടാണെന്നും ഇത്തരം പരിപാടികളുമായി ബന്ധപ്പെട്ട് വിളിച്ച സംഘാടകസമിതി യോഗത്തില്‍ നിന്ന് ജില്ലാ കളക്ടറും സര്‍ക്കാര്‍ പ്രതിനിധികളും പിന്മാറണമെന്നും അഴിമതി ലക്ഷ്യംവച്ചുള്ള ഇത്തരം പരിപാടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കരുതെന്നും അല്ലാത്തപക്ഷം യൂത്ത് കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ബി.പി. പ്രദീപ്കുമാര്‍ ആവശ്യപ്പെട്ടു.