പണമെറിഞ്ഞ് പണം വാരും നാടന്കളികള്
1336972
Wednesday, September 20, 2023 7:25 AM IST
ചെറുകിട കച്ചവടക്കാര്‍, ഓട്ടോ ടാക്സി തൊഴിലാളികള്‍, ലോട്ടറി വില്‍പ്പനക്കാര്‍ തുടങ്ങി ദൈനംദിന ജോലികള്‍ ചെയ്തു ജീവിക്കുന്നവര്‍ക്ക് താരതമ്യേന ചെറിയ തുകകള്‍ പലിശയ്ക്ക് നല്കുന്നവരുണ്ട്. കച്ചവട ആവശ്യങ്ങള്‍ക്കും മക്കളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കും ചികിത്സാ ചെലവുകള്‍ക്കും മറ്റും പെട്ടെന്ന് പണം ആവശ്യമായി വരുമ്പോഴാണ് മിക്കവരും ഇവരുടെ വലയില്‍ വീഴുന്നത്.
തമിഴ്നാട്ടില്‍ നിന്നും മറ്റുമെത്തി മലയോരത്തെ ലോഡ്ജുകളില്‍ മുറിയെടുത്ത് താമസിച്ച് ബൈക്കുകളില്‍ സഞ്ചരിച്ചാണ് ഇവര്‍ പണമിടപാടുകള്‍ നടത്തുന്നത്. മിക്കവാറും രണ്ടുപേരാണ് ബൈക്കില്‍ ഉണ്ടാവുക. മലയോരത്തെ ഊടുവഴികള്‍ പോലും ഇവര്‍ക്ക് പരിചിതമാണ്.
ഇവരില്‍ നിന്നും 10000 രൂപ കടംവാങ്ങുന്നവര്ക്ക് 7800 രൂപയാണ് കൈയില്‍ കിട്ടുക. ഇത് ദിവസം 100 രൂപ എന്ന തോതില്‍ നൂറു ദിവസം കൊണ്ട് തിരിച്ചടയ്ക്കണം. മുതലും പലിശയും അതില്‍ തീര്‍ന്നു. ഇതിനു പുറമെ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ 10000 രൂപയ്ക്ക് 100 രൂപ വേറെയും വാങ്ങുന്നവരുണ്ട്. 50000 രൂപയാണ് ഇവര്‍ നല്കുന്ന പരമാവധി തുക. നേരത്തേ തമിഴ്നാട്ടില്‍ നിന്നും പണമെത്തിച്ചാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ മിക്കവരും മലയോരത്തു തന്നെയുള്ള വന്‍കിട ബ്ലേഡ് മാഫിയകള്‍ക്കു കീഴില്‍ കമ്മീഷന് വ്യവസ്ഥയില്‍ ജോലി ചെയ്യുകയാണ്. ഇതോടെ ഇവര്‍ കൈകാര്യം ചെയ്യുന്ന പണത്തിന്റെ അളവും കൂടി.
ഈടായി ഒന്നും വാങ്ങാതെയാണ് പണം നല്‍കുന്നത്. ദിവസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ തിരിച്ചടവ് വാങ്ങാനായി എത്തും. അപ്പോള്‍ കൈയില്‍ പണമില്ലെങ്കില്‍ ഇവരുടെ തനിനിറം കാണേണ്ടിവരും. കൊടുക്കുന്ന പണം പലിശ സഹിതം കൃത്യമായി പിരിച്ചെടുക്കാനുള്ള ഇവരുടെ മിടുക്ക് തന്നെയാണ് ബ്ലേഡ് മാഫിയയ്ക്കും ഇവരെ പ്രിയപ്പെട്ടവരാക്കുന്നത്.
എല്ലാ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കുന്ന കാലത്ത് ഇങ്ങനെ യഥേഷ്ടം വിതരണം ചെയ്യാനുള്ള പണം ബ്ലേഡ് മാഫിയകളുടെ കൈയില്‍ എങ്ങനെയുണ്ടാകുന്നു എന്നൊരു ചോദ്യവുമുണ്ട്. സാധാരണക്കാരെ പിഴിഞ്ഞുണ്ടാക്കുന്ന കൊള്ളപ്പലിശ മാത്രമല്ല അവരുടെ മൂലധനം.
വലിയ തുക പെന്ഷന് വാങ്ങുന്ന റിട്ട. ഉദ്യോഗസ്ഥരില്‍ പലരും ബ്ലേഡ് മാഫിയയുടെ സാമ്പത്തിക സ്രോതസുകളാണെന്നത് മലയോരത്ത് പലര്‍ക്കും അറിയാവുന്ന രഹസ്യമാണ്. നേരിട്ട് പണം പലിശക്ക് നല്കിയാല് സമൂഹത്തിലെ മാന്യതയും വിലയും നഷ്ടപ്പെടുമെന്നും പലിശ പിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും മനസിലാക്കിയാണ് ഇവര്‍ ബ്ലേഡ് മാഫിയകളുടെ അണിയറയില്‍ നിൽക്കുന്നത്.
ഇവരില്‍ പലരും ഉന്നത തലങ്ങളില്‍ ബന്ധങ്ങളും സ്വാധീനവുമുള്ളവരാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരെ വിറപ്പിക്കുന്ന ബ്ലേഡ് മാഫിയ ഇവരുടെ മുന്നില്‍ വിശ്വസ്തസേവകരായി നില്ക്കും.
ഇവരില്‍ നിന്നും വാങ്ങുന്ന പണം മറ്റെങ്ങും കിട്ടാത്ത പലിശ സഹിതം കൃത്യസമയത്ത് തിരിച്ചെത്തിക്കും. നിയമപ്രശ്നങ്ങളോ കേസുകളോ ഉണ്ടായാല്‍ ഇവരുടെ പിന്‍ബലം ബ്ലേഡ് മാഫിയയ്ക്ക് തുണയാവുകയും ചെയ്യും.
(തുടരും)