"കനിവിന്റെ കൈത്താങ്ങ്’ പെൻഷൻ പദ്ധതിയുമായി കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂൾ
1336971
Wednesday, September 20, 2023 7:25 AM IST
കിളിയന്തറ: "കനിവിന്റെ കൈത്താങ്ങ്' പെൻഷൻ പദ്ധതിയുമായി കിളിയന്തറ ഹൈസ്കൂൾ. പഠനത്തോടൊപ്പം സമൂഹത്തിലെ അശരണരേയും ദരിദ്രരേയും തേടി അധ്യാപകരും കുട്ടികളും ഇറങ്ങി യപ്പോൾ കിളിയന്തറ സ്കൂളും അധ്യാപകരും ചരിത്രം മാറ്റിയെഴുതുകയാണ്. പ്രദേശത്തിന് മാത്രമല്ല ഒരു നാടിന് മുഴുവൻ മാതൃകയാകുകയാണ് കിളിയന്തറ ഹൈസ്കൂൾ.
തങ്ങൾക്ക് ചുറ്റുമുള്ളവരിൽനിന്നുതന്നെ അർഹരായവരെ കണ്ടെത്തി ഒരു വർഷത്തേക്കാണ് പ്രതിമാസം 1000 രൂപ വീതം പെൻഷൻ പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളിലെ ജെആർസി , സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ, അധ്യാപക-അനധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ഓരോ മാസവും ശേഖരിക്കുന്ന നിശ്ചിത തുകയിലൂടെയാണ് പെൻഷൻ പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തിൽ രണ്ട് കുടുംബങ്ങളെയാണ് പെൻഷൻ പദ്ധതിക്കായി തെരഞ്ഞെടുത്തത്. ഓരോ മാസവും 20 ന് പെൻഷൻ തുക ഗുണഭോക്താക്കളുടെ വീട്ടിൽ എത്തിച്ചു നൽകും. സ്കൂൾ നടപ്പിലാക്കുന്ന പെൻഷൻ പദ്ധതിക്ക് സ്കൂൾ മാനേജർ, പിടിഎ, വാർഡ് മെംബർ എന്നിവരടക്കം സമൂഹത്തിന്റെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. സഹായ ഹസ്തവുമായി പലരും രംഗത്തെത്തിയതോടെ അടുത്ത ദിവസങ്ങളിൽ തന്നെ പെൻഷൻ പദ്ധതി നാലിലേക്ക് ഉയത്താൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.
കനിവിന്റെ കൈത്താങ്ങ് പെൻഷൻ പദ്ധതി സ്കൂൾ മുഖ്യാധ്യാപകൻ ഷൈനി വി. സിറിയക് വാർഡ് മെംബർ അനിൽ എം. കൃഷ്ണന് ചെക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മദർ പിടിഎ പ്രസിഡന്റ് രാജി സന്തോഷ്, സ്റ്റാഫ് പ്രതിനിധികളായ ജോജി ജോർജ് , കെ.ജെ. ജസീന്ത, ഷീന ജോൺ, നിഷ ഓസ്റ്റിൻ, ജോർജ് ജോസഫ്, എ.ഡി. സെലിൻ, സിജി അഗസ്റ്റിൻ, ജയ്നി പീറ്റർ, റോബിൻ ജോസഫ്, ടി.എം. ശ്രീജ എന്നിവർ പ്രസംഗിച്ചു.