തൊഴിലുറപ്പ് തൊഴിലാളികളുടെ അഞ്ചേക്കർ കൃഷി നശിപ്പിച്ചു
1336965
Wednesday, September 20, 2023 7:25 AM IST
കീഴ്പ്പള്ളി: പുതിയങ്ങാടിയിൽ കാട്ടാനയിറങ്ങി തൊഴിലുറപ്പ് തൊഴിലാളികളുടെ അഞ്ചേക്കർ കൃഷി നശിപ്പിച്ചു.
ആറളം കൃഷിഭവന്റെ മേൽനോട്ടത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി പതിനഞ്ച് സ്ത്രീകൾ പാട്ടത്തിനെടുത്ത സ്ഥലത്തെ കൃഷിയാണ് ആനക്കൂട്ടം ചവിട്ടിയും തിന്നും നശിപ്പിച്ചത്. പുതിയങ്ങാടിയിലെ കൊണ്ടുപറമ്പിൽ സെബാസ്റ്റ്യൻ എന്നയാളുടെ പക്കൽ നിന്നും പാട്ടത്തിനെടുത്ത അഞ്ചേക്കർ സ്ഥലത്ത് നടത്തിവന്ന എള്ള്, മുത്താറി, ചാമ, കടല, നെല്ല് എന്നീ കൃഷികളാണ് ആനക്കൂട്ടം നശിപ്പിച്ചത്.
ആറളം ഫാമിലെ വനത്തിൽ നിന്നും പുഴ കടന്ന് വന്ന ആനകൾ കൃഷിയിടത്തിലേക്ക് പ്രവേശിച്ച് കൃഷികൾ തിന്നും ചവിട്ടിയും നശിപ്പിക്കുക ആയിരുന്നു. ആദിവാസികളുൾപ്പെടെ 15 കുടുംബങ്ങൾ കഠിനാധ്വാനം ചെയ്ത കൃഷിയാണ് ഒറ്റദിവസം കൊണ്ട് ആന നശിപ്പിച്ചിരിക്കുന്നത്. സമീപം താമസിക്കുന്ന രാജേന്ദ്ര സിംഗ് പാപ്പിനിശേരിയുടെ തോട്ടത്തിലെ തെങ്ങും വാഴയും ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.
ആറളം ഫാം അതിർത്തിയിൽ ആനമതിൽ നിർമിക്കുന്നതിന് ടെൻഡർ വിളിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും വകുപ്പുതല മത്സരങ്ങളുടെ പേരിൽ നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. മരം മുറി ടെൻഡർ എങ്കിലും യഥാസമയം നടന്നാൽ മാത്രമേ വീണ്ടും കാലതാമസം വരാതെ നിർമാണം പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. ഈ വർഷം തന്നെ പുതിയങ്ങാടി പ്രദേശത്ത് ഇപ്പോൾ മൂന്നാമത്തെ തവണയാണ് ആന കൃഷി നശിപ്പിക്കുന്നത്. ആനയുടെ നിരന്തര ആനശല്യം സഹിക്കവയ്യാതെപ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
ജനവാസകേന്ദ്രത്തിൽ ആന ഇറങ്ങി കൃഷി നശിപ്പിച്ചതിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യം വാർഡ് മെംബർ ജോർജ് ആലാംപള്ളിയും കർഷകരും ഉന്നയിച്ചു.