പ്രവേശനോത്സവം
1299658
Saturday, June 3, 2023 12:57 AM IST
ചന്ദനക്കാംപാറ: ചെറുപുഷ്പം യുപി സ്കൂൾ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക വിജി മാത്യു നവാഗത വിദ്യാർഥികളെ ഹാരമണിയിച്ച് ബാൻഡ് മേളത്തോടെ സ്കൂളിലേക്ക് ആനയിക്കുകയും വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
മുഖ്യാധ്യാപിക വിജി മാത്യു, അധ്യാപക പ്രതിനിധി സി.ജെ. അവിരാച്ചൻ എന്നിവർ പ്രസംഗിച്ചു. പിടിഎയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. വിദ്യാർഥികൾ വിജ്ഞാനദീപം കൈകളിലേന്തി പാട്ടുപാടി നൃത്തം ചെയ്തു. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ തൽസമയ സംപ്രേക്ഷണവും വിദ്യാർഥികളെ കാണിച്ചു.
ചെമ്പന്തൊട്ടി: ചെറുപുഷ്പം യുപി സ്കൂൾ പ്രവേശനോത്സവം ശ്രീകണ്ഠപുരം നഗരസഭ വാർഡ് കൗൺസിലർ എം.വി. ഷീന ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപിക ലൗലി എം. പോൾ ആമുഖപ്രഭാഷണവും സ്കൂൾ മാനേജർ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ മുഖ്യപ്രഭാഷണവും നടത്തി.
മുൻ മുഖ്യാധ്യാപിക സിസ്റ്റർ ജെസിക്കുട്ടി ജോസഫ് എഫ്സിസി, പിടിഎ പ്രസിഡന്റ് തോമസ് കുര്യൻ, മദർ പിടിഎ പ്രസിഡന്റ് ഷിനി, സ്റ്റാഫ് സെക്രട്ടറി റാണി തോമസ് എന്നിവർ പ്രസംഗിച്ചു. ഈ വർഷം ഒന്നാം ക്ലാസിൽ ചേർന്ന വിദ്യാർഥികൾക്ക് ശ്രീകണ്ഠപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു.
ഏരുവേശി പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം, മുൻ മുഖ്യാധ്യാപിക മേഴ്സി തോമസ്, പിടിഎ പ്രസിഡന്റ് സൈജു ഇലവുങ്കൽ, വെൽഫയർ കമ്മിറ്റി പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, ടോമി ചാമക്കാലാ, മാത്തുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
ചെമ്പേരി ജേസീസ് കുട്ടികൾക്കായി സംഭാവന ചെയ്ത പഠന ഉപകരണങ്ങൾ ജേസീസ് പ്രസിഡന്റ് സുനിൽ കെ. പീറ്റർ വിദ്യാർഥി പ്രതിനിധി അഗസ്റ്റിൻ സൈജുവിന് കൈമാറി. നേരത്തെ സ്കൂൾ വെഞ്ചരിപ്പ് കർമങ്ങൾക്ക് ഫാ. മാത്യു ഓലിക്കൽ നേതൃത്വം നൽകി.
പൈസക്കരി: ദേവമാതാ ഹൈസ്കൂളിൽ പ്രവേശനോത്സവം സ്കൂൾ അസി. മാനേജർ ഫാ. ജിബിൻ വട്ടേങ്ങാട്ടേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ബിനു മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എൻ.വി. മാത്യു, സജി ഇടത്തിനാംപൊയ്കയിൽ, പി. മിനി ജോസഫ് എന്നിവർ പ്രസംഗിച്ചു.
കുട്ടികളെ പഠനോപകരണങ്ങളും മധുര പലഹാരവും നൽകി സ്വീകരിച്ചു. പ്രാർഥനയോടെ പുതിയ വർഷത്തിന് തുടക്കം കുറിച്ചു. സംസ്ഥാന തല പ്രവേശനോത്സവ ചടങ്ങ് കുട്ടികൾ തത്സമയം വീക്ഷിച്ചു. പാഠപുസ്തക വിതരണവും നടത്തി.
കാഞ്ഞിരക്കൊല്ലി: ഖാദർ ഹാജി മെമ്മോറിയൽ (കെഎച്ച്എം) യുപി സ്കൂൾ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. അലക്സ് നിരപ്പേൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സജന ഞവരക്കാട്ട് അധ്യക്ഷത വഹിച്ചു.
സ്കൂൾ മുഖ്യാധ്യാപകൻ ബോബി ചെറിയാൻ ആമുഖപ്രഭാഷണം നടത്തി. ടോമി ഐക്കുളമ്പിൽ, അനില അനീഷ്, അധ്യാപക പ്രതിനിധി അമൽ എന്നിവർ പ്രസംഗിച്ചു. നവാഗതരായ വിദ്യാർഥികൾക്ക് സമ്മാനങ്ങളും പായസ വിതരണവും നടത്തി.