കൽപ്പറ്റ: ഹൃദയാഘാതത്തെത്തുടർന്നു ഭർത്താവും പിന്നാലെ വാഹനാപകടത്തിൽ ഭാര്യയും മരിച്ചു.
കണിയാന്പറ്റ വൈത്തലപ്പറന്പൻ മുഷ്താഖ് അഹമ്മദ്(53), ഭാര്യ മൈമൂന(50) എന്നിവരാണ് മിനിട്ടുകളുടെ വ്യത്യാസത്തിൽ മരിച്ചത്. ഇവരുടെ മകൻ അൻസാർ(20), ബന്ധുവും കാർ ഡ്രൈവറുമായ ജംഷീർ(24)എന്നിവർക്കു അപകടത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11 ഓടെ ടൗണിൽ മലബാർ ഗോൾഡിനു സമീപം ടിപ്പറും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.
രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട മുഷ്താഖ് അഹമ്മദിനെ ഉടൻ കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്നു മൈമൂന, അൻസാർ എന്നിവരെ മരണവിവരം അറിയിക്കാതെ വീട്ടിലെത്തിക്കാൻ തീരുമാനിച്ച ജംഷീർ ഇവർക്കൊപ്പം ഡീസലടിക്കുന്നതിനു വെള്ളാരംകുന്നിലെ ബങ്കിലേക്കു വരുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മൈമൂന വൈകാതെ മരിച്ചു. അൻസാർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ജംഷീർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
കർണാടക ഗുണ്ടൽപേട്ടയിലെ പരേതനായ മുഹമ്മദ് ഇസ്മയിലിന്റെയും ഷാഹിദ ബീവിയുടെയും മകനാണ് മുഷ്താഖ് അഹമ്മദ്. സഹോദരങ്ങൾ: മുഹമ്മദ്, ഉമർ, മുസ്തഫ, സുലൈമാൻ, ഇർഷാദ്, ഹസീമ, നാസിമ, ഹലീമബി, ഫൗസിയ. കണിയാന്പറ്റ വൈത്തലപ്പറന്പൻ പരേതനായ സെയ്തലവി-മറിയം ദന്പതികളുടെ മകളാണ് മൈമൂന. സഹോദരങ്ങൾ: പരേതനായ അബു, മുഹമ്മദ്, സുബൈദ, ആസ്യ, മൊയ്തീൻ. ജൂനൈദ്, ഖൈറുന്നിസ എന്നിവരാണ് ദന്പതികളുടെ മറ്റുമക്കൾ.