ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം ഏഴ് വർഷം പൂർത്തിയാക്കി
1536408
Tuesday, March 25, 2025 8:36 AM IST
കൽപ്പറ്റ: വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നടത്തിവരുന്ന ഹൃദയപൂർവം പൊതിച്ചോർ വിതരണം ഏഴ് വർഷം പൂർത്തിയായി. 2018 മാർച്ച് 23ന് മാനന്തവാടി ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് ഏഴ് വർഷം പൂർത്തിയായത്. 2020 മുതൽ മീനങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ആരംഭിച്ചു.
ആശുപത്രികളിൽ വിശപ്പിന്റെ നെടുവീർപ്പുകൾ ഉണ്ടാകാൻ പാടില്ല എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഹൃദയപൂർവം പദ്ധതി ആരംഭിക്കുന്നത്. മുൻകൂട്ടി തയാറാക്കിയ കലണ്ടറിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും ചുമതലയുള്ള കമ്മിറ്റികൾ വീടുകൾ കയറിയാണ് ആവശ്യമായ പൊതിച്ചോറുകൾ ശേഖരിച്ച് വരുന്നത്. ഓരോ കമ്മിറ്റിയുടെയും പരിധിയിൽ വരുന്ന വീടുകളെ സമീപിക്കുന്പോൾ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ എല്ലാ ആളുകളും ഡിവൈഎഫ്ഐ യെ പൊതിച്ചോർ ഏൽപ്പിക്കാൻ തയാറാകുന്നുണ്ട്.
വയനാട് ഗവ. മെഡിക്കൽ കോളജിൽ നടന്ന ജില്ലാതല പരിപാടി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ഫ്രാൻസിസ്, പ്രസിഡന്റ് കെ.ആർ. ജിതിൻ, പി.ടി. ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, കെ. ഇസ്മയിൽ, നിരഞ്ജന, വി.ബി. ബബീഷ്, കെ. അഖിൽ എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നടന്ന പരിപാടി ജില്ലാ ട്രഷറർ ഷിജി ഷിബു ഉദ്ഘാടനം ചെയ്തു. പി. ജംഷീദ് അധ്യക്ഷത വഹിച്ചു. സി. ഷംസുദ്ദീൻ, അർജുൻ ഗോപാൽ എന്നിവർ പ്രസംഗിച്ചു.