ലോക ക്ഷയരോഗ ദിനം: ക്ഷയരോഗമുക്ത തദ്ദേശ സ്ഥാപങ്ങൾക്ക് അവാർഡ് വിതരണം ചെയ്തു
1536406
Tuesday, March 25, 2025 8:36 AM IST
കൽപ്പറ്റ: ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ജില്ലാ ക്ഷയരോഗ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനവും ക്ഷയരോഗ മുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അവാർഡ് വിതരണവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു.
ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 16 തദ്ദേശ സ്ഥാപനങ്ങൾക്ക് ക്ഷയരോഗമുക്ത തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്കുള്ള അവാർഡ് വിതരണം ചെയ്തു. മീനങ്ങാടി ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച ബോധവത്കരണ റാലി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഫ്ളാഗ് ഓഫ് ചെയ്തു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സണ് പി. വാസുദേവൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ ടിബി ഓഫീസർ ഡോ. പ്രിയസേനൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്റത്ത്, സ്ഥിരംസമിതി അധ്യക്ഷരായ ബേബി വർഗീസ്, ഉഷ രാജേന്ദ്രൻ, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.വി. സിന്ധു, മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.വി. സംഗീത, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീജിത്ത്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പി.കെ. സലീം, ജില്ലാ ടിബി ആൻഡ് എച്ച്ഐവി കോഓർഡിനേറ്റർ വി.ജെ. ജോണ്സണ് എന്നിവർ പങ്കെടുത്തു.
തവിഞ്ഞാൽ, പൂതാടി, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകൾ തുടർച്ചയായി ക്ഷയരോഗമുക്ത സ്ഥാപനത്തിനുള്ള വെള്ളി മെഡൽ കരസ്ഥമാക്കി. ആദ്യമായി ക്ഷയരോഗമുക്ത തദ്ദേശസ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി നഗരസഭകൾക്കും പുൽപ്പള്ളി, കണിയാന്പറ്റ, നൂൽപ്പുഴ, മീനങ്ങാടി, പൊഴുതന, വൈത്തിരി, മേപ്പാടി, മുട്ടിൽ, കോട്ടത്തറ ഗ്രാമപഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വെങ്കല മെഡൽ വിതരണം ചെയ്തു.
ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ശ്വാസകോശരോഗ വിദഗ്ധൻ ഡോ. ഏബ്രഹാം ജേക്കബ്, സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ എ. വിജയനാഥ് എന്നിവരെ അനുമോദിച്ചു. 100 ദിന ക്ഷയരോഗ നിവാരണ കാന്പയിൻ മികച്ച രീതിയിൽ സംഘടിപ്പിച്ചതിന് പനമരം സാമൂഹികാരോഗ്യ കേന്ദ്രം തെരഞ്ഞെടുക്കപ്പെട്ടു.
ഗോത്ര ഭാഷയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയ വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് അവാർഡ് നൽകി. 100 ദിന കർമ്മപരിപാടിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ട്രൈബൽ പ്രൊമോട്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് അഭിനന്ദനപത്രം കൈമാറി.