ഭവനരഹിതർക്കുളള ഭൂമി കൈമാറ്റവും പുതിയ സണ്‍ഡേ സ്കൂൾ കെട്ടിടത്തിന്റെ വെഞ്ചരിപ്പും 25ന്
1536075
Monday, March 24, 2025 6:07 AM IST
പുതിയിടംകുന്ന്: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയുടെ നേതൃത്വത്തിൽ ഭവനരഹിതരായ നാല് കുടുംബങ്ങൾക്ക് ഭൂമി കൈമാറുന്നു. മാനന്തവാടി രൂപതയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇടവകാംഗമായ ലീല അറയ്ക്കൽ ഇഷ്ടദാനമായി നൽകിയ 50 സെന്റ് ഭൂമിയാണ് കൈമാറുന്നത്.
25 ന് രാവിലെ പതിനൊന്നിന് പുതിയിടംകുന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി അങ്കണത്തിൽ മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ്കുട്ടി ബ്രാൻ എന്നിവർ ചേർന്ന് ഭൂമിയുടെ രേഖകൾ ഉടമകൾക്ക് കൈമാറും.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടമായ ഒരു കുടുംബം, മാനന്തവാടി, മീനങ്ങാടി, നടവയൽ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ കുടുംബം എന്നിവർക്കാണ് ഭൂമി നൽകുന്നത്. ഉരുൾപൊട്ടലിൽ വീട് നഷ്ടമായ കുടുംബത്തിന് മാനന്തവാടി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഡബ്ല്യുഎസ്എസ്എസിന്റെ നേതൃത്വത്തിൽ വീട് നൽകും. ചടങ്ങിൽ ലീല അറയ്ക്കലിനെ മെമന്‍േറാ നൽകി ആദരിക്കും.
പള്ളിയിൽ പുതിയതായി നിർമിച്ച സണ്‍ഡേ സ്കൂൾ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും അന്നേ ദിവസം നടക്കും. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം വെഞ്ചരിപ്പ് കർമം നിർവഹിക്കും. രണ്ട് നിലകളിലായാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. സണ്‍ഡേ സ്കൂൾ ഒന്നാം ക്ലാസിലേക്കും ബൈബിൾ നഴ്സറിയിലേക്കുമുള്ള പ്രവേശനവും ഇതോടൊപ്പം ആരംഭിക്കും.
മാനന്തവാടി രൂപത വികാരി ജനറാൽ മോണ്‍. പോൾ മുണ്ടോളിക്കൽ അധ്യക്ഷത വഹിക്കും.കല്ലോടി ഫൊറോന വികാരി ഫാ. സജി കോട്ടായിൽ, ഡബ്ല്യുഎസ്എസ്എസ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ എന്നിവരും സംബന്ധിക്കും. ഇടവക വികാരി ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട്, കൈക്കാരൻമാരായ അനീഷ് കുറ്റിച്ചാലിൽ, തങ്കച്ചൻ മക്കോളിൽ, ഷാജു കുളത്താശേരി, ഷാദിൻ ചക്കാലക്കുടി എന്നിവർ നേതൃത്വം നൽകും.