പുരാവസ്തു വകുപ്പ് യഥാർഥ ചരിത്രത്തിന്റെ കാവലാളാകുന്നു: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
1515386
Tuesday, February 18, 2025 4:17 AM IST
കൽപ്പറ്റ: ചരിത്ര സത്യങ്ങളെ വക്രീകരിക്കാനും തമസ്കരിക്കാനുമുള്ള ഗൂഢ ശ്രമങ്ങളും ചരിത്ര സ്മാരകങ്ങളേയും ചരിത്രം സൃഷ്ടിച്ചവരെയും അപഹസിക്കാനുള്ള നീക്കങ്ങളും നടക്കുന്പോൾ യഥാർത്ഥ ചരിത്രത്തിന്റെ കാവലാളായി പുരാവസ്തു പുരാരേഖ വകുപ്പ് മാറുന്നുവെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ കുഞ്ഞോം പ്രദേശത്തെ പുരാതത്വ തെളിവുകൾ കണ്ടെത്തുകയും വിവരശേഖരണം നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വിപുലമായ പുരാതത്വ സർവേയുടെ ഉദ്ഘാടനം കുങ്കിച്ചിറ മ്യൂസിയം അങ്കണത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ കുഞ്ഞോം പ്രദേശം സംസ്ഥാന പുരാവസ്തു വകുപ്പ് പുരാതത്വ പര്യവേഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് പ്രദേശത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം കൊണ്ട് സർവേ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി ഏഴ് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പ്രധാനമായും ഉപരിതല സർവേയാണ് ഇവിടെ നടത്തുന്നത്. പുരാവസ്തു വകുപ്പിലെ ജീവനക്കാർക്ക് പുറമേ ഗവേഷകർ, ചരിത്രകാര·ാർ തുടങ്ങിയ വിദഗ്ധ അംഗങ്ങളും സർവേയുടെ ഭാഗമാണ്. ഉണ്ണിയച്ചി ചരിതത്തിലെ തിരമരുതൂർ എന്ന അങ്ങാടി കേവലം സാങ്കൽപ്പികമാണോ അതോ അതിന് ചരിത്രപരമായ വാസ്തവമുണ്ടോ എന്ന് ശാസ്ത്രീയ പര്യവേഷണത്തിലൂടെ കണ്ടെത്തുക, പ്രദേശത്തെ പ്രാചീന പുരാവസ്തു ശേഷിപ്പുകൾ കണ്ടെത്തുയും അവ സമഗ്രമായി പരിശോധിച്ച് രേഖപ്പെടുത്തുക, കുഞ്ഞോം പ്രദേശത്തെ താഴ്വാരങ്ങളുമായി ബന്ധിപ്പിക്കുന്ന കച്ചവട പാതകൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുക, പ്രദേശത്തിന്റെ വിപുലമായ പുരാതത്വ സർവേയും മാപ്പിംഗും നടത്തുക എന്നിവയാണ് സർവേയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ഡോ.എം.ആർ. രാഘവവാര്യർ, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് എ.കെ. ശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ്, വാർഡ് അംഗങ്ങളായ പ്രീതരാമൻ, കെ.വി. ഗണേഷ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, പുരാവസ്തു വകുപ്പ് ഫീൽഡ് അസിസ്റ്റന്റ് കെ. കൃഷ്ണരാജ്, പ്രീയ രാജൻ, കുടുംബശ്രീ, സിഡിഎസ് ചെയർപേഴ്സണ് ലത ബിജു എന്നിവർ പ്രസംഗിച്ചു.