വാർഡ് വിഭജനം: അന്തിമ വിജ്ഞാപനം മാർച്ചിൽ
1515047
Monday, February 17, 2025 5:24 AM IST
കൽപ്പറ്റ: തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ആദ്യഘട്ടം അന്തിമ വിജ്ഞാപനം മാർച്ചിൽ നടക്കുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ. ഷാജഹാൻ. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികളിൽ കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീലിമിറ്റേഷൻ പബ്ലിക് ഹിയറിംഗിൽ 487 പരാതികളാണ് ജില്ലയിൽ ലഭിച്ചത്.
വാർഡുകളുടെ പേര് മാറ്റം, അതിർത്തി മാറ്റംവരുത്തൽ, അതിർത്തികളിൽ ഭേദഗതി വരുത്തൽ, തെറ്റായ രേഖപ്പെടുത്തലുകൾ ഒഴിവാക്കൽ, മാപ്പും നോട്ടിഫിക്കേഷനും തമ്മിലുള്ള അന്തരം, മാപ്പിനനുസൃതമായ ക്രമപ്പെടുത്തൽ, യഥാർഥ അതിർത്തിക്ക് അനുസരിച്ച് മാപ്പിൽ ക്രമപ്പെടുത്തൽ, വീട്ടുനന്പറുകളിലെ മാറ്റം, വീട്ടുനന്പറുകൾ ഇരട്ടിപ്പ്, വാർഡ് അതിർത്തിയിലെ വീട്ടുനന്പർ രേഖപ്പെടുത്താത്തത് തുടങ്ങിയ പരാതികളാണ് ലഭിച്ചത്.
ജില്ലാതലത്തിലെ ഹിയറിംഗ് പൂർത്തിയായാൽ ഡീലിമിറ്റേഷൻ കമ്മീഷൻ സന്പൂർണ യോഗം ചേർന്ന് പരാതികളിൽ അന്തിമ തീരുമാനം കൈക്കൊള്ളും. തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ആവശ്യമെങ്കിൽ ഭേദഗതി വരുത്തി അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കും. പഞ്ചായത്ത്, നഗരസഭ, കേർപറേഷൻ വാർഡുകളുടെ അതിർത്തി പുനർ നിർണയമാണ് ആദ്യഘട്ടത്തിൽ വിജ്ഞാപനം ചെയ്യുക.
രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളുടെയും അതിർത്തി നിർണയം പൂർത്തിയാക്കും. രണ്ട്, മൂന്ന് ഘട്ടങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നും കമ്മീഷൻ പറഞ്ഞു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി ജോസ്ന മോൾ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. ഉഷാകുമാരി, തദ്ദേശഭരണ ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.