തെരഞ്ഞെടുപ്പുകളെ നേരിടാൻ യുഡിഎഫ് പ്രവർത്തകർ സജ്ജരാകണം: പ്രിയങ്ക ഗാന്ധി
1512407
Sunday, February 9, 2025 5:30 AM IST
കൽപ്പറ്റ: തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടാൻ യുഡിഎഫ് പ്രവർത്തകർ പൂർണസജ്ജരാകണമെന്ന് പ്രിയങ്ക ഗാന്ധി എംപി. ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ യുഡിഎഫ് ബൂത്തുതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ യുഡിഎഫിലെ ഓരോ പാർട്ടിയിലെയും പ്രവർത്തകർ സജീവമായി ഇടപെടണം.
ഏത് ആവശ്യത്തിനും സമീപിക്കാൻ കഴിയുന്ന വിധത്തിൽ താൻ കൂടെയുണ്ടാകും. തന്നെ വിമർശിക്കാനും തിരുത്താനും നിർദേശങ്ങൾ നൽകാനും മുന്നണി പ്രവർത്തകർക്ക് അവകാശമുണ്ട്.
ജനപ്രതിനിധി എന്ന നിലയിൽ തുടക്കക്കാരിയായതിനാൽ നാടിന്റെ പ്രശ്നങ്ങൾ മനസിലാക്കാനും ഇടപെടാനും മാർഗനിർദേശങ്ങൾ ആവശ്യമാണെന്ന് പ്രിയങ്ക പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിലെ ലഭിച്ച ഉജ്വല വിജയത്തിന് ബൂത്തുതല നേതാക്കളെ പ്രിയങ്ക നന്ദി അറിയിച്ചു. മണ്ഡലത്തിലെ ജനങ്ങളും യുഡിഎഫ് പ്രവർത്തകരും കുടുംബാംഗത്തെപോലെയാണ് തന്നെ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനം ബൂത്തുതല നേതാക്കളും പ്രവർത്തകരും അപ്പാടെ ഏറ്റെടുത്തു.
മുന്‍പ് ബൂത്തുതല പ്രവർത്തനംപോലും നേരിട്ട് ഏകോപിപ്പിച്ചിരുന്ന തനിക്ക് ആദ്യം ആശങ്ക ഉണ്ടായിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനരീതി സഹോദരൻ രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതുപോലെ വേറിട്ട ഒന്നാണെന്ന് അനുഭവത്തിൽ ബോധ്യമായി. ഈ മാതൃക എല്ലാ സംസ്ഥാനങ്ങളിലും അനുകരിക്കേണ്ടതാണെന്നു പ്രിയങ്ക പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, കെപിസിസി ജനറൽ സെക്രട്ടറി ജമീല ആലിപ്പറ്റ, യുഡിഎഫ് ജില്ലാ കണ്‍വീനർ പി.ടി. ഗോപാലക്കുറുപ്പ്, നിസാർ അഹമ്മദ്, കെപിസിസി സെക്രട്ടറി ടി.ജെ. ഐസക്,
കെപിസിസി അംഗം പി.പി. ആലി, കേരള കോണ്‍ഗ്രസ്-ജേക്കബ് സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നേതാക്കളായ എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, ബിനു തോമസ്, ശോഭനകുമാരി, വിജയമ്മ, റസാഖ് കൽപ്പറ്റ, ജോസ് തലച്ചിറ, പ്രവീണ്‍ തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.