പുതിയ മാതൃകയിലുള്ള കൂണ് കൃഷിയിൽ പരിശീലനം
1512003
Friday, February 7, 2025 5:30 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ഇന്ത്യയിലെ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്കിന്റെ സാന്പത്തിക സഹായത്തോടെ പുതിയ മാതൃകയിലുള്ള കൂണ് കൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. വിപണിയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന പെല്ലറ്റുകൾ ഉപയോഗിച്ചാണ് പുതിയ കൃഷി മോഡൽ പരിചയപ്പെടുത്തിയത്. വൈക്കോലിൽ കൂണ് കൃഷി ചെയ്യുന്നതിന് പകരമായി പെല്ലറ്റ് ഉപയോഗിച്ച് കൃഷി ചെയ്യുന്നതിലൂടെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കൃഷി നടത്തുവാൻ സാധിക്കും. പൂപ്പൽ മൂലമുള്ള മലിനീകരണം ഒഴിവാക്കുവാനും സാധിക്കും.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. അനിൽ ക്രാസ്റ്റ ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.
സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലംപറന്പിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ് എന്നിവർ പ്രസംഗിച്ചു.
പരിശീലനം പൂർത്തിയാക്കിയവർക്ക് ഇന്ത്യയിലെ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് സർട്ടിഫിക്കറ്റുകൾ നൽകും. സ്വന്തം സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വായ്പാ സഹായവും ബാങ്ക് ഒരുക്കും. മണ്‍സൂണ്‍ മഷ്റൂം കന്പനി, കെ. രാഹുൽ, ആർ. ശ്രീകാന്ത് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പ്രോജക്ട് കോഓർഡിനേറ്റർ ജാൻസി ജിജോ, ഫീൽഡ് കോ ഓർഡിനേറ്റർമാരായ ആലിസ് സിസിൽ, ഷീന ആന്റണി, ബിൻസി വർഗീസ്, ജിനി ഷിനു, ലിജ വർഗീസ് എന്നിവർ നേതൃത്വം നൽകി.