തട്ടിപ്പിന് നേതൃത്വം കൊടുത്തവരെ നിയമത്തിനു മുന്പിൽ കൊണ്ടുവരണമെന്ന്
1511999
Friday, February 7, 2025 5:23 AM IST
മാനന്തവാടി: ഗ്രാമീണ വനിതാ ശാക്തീകരണം ലക്ഷ്യം വച്ചുകൊണ്ട് നാഷണൽ എൻജിഒ കോണ്ഫെഡറേഷൻ സംസ്ഥാന കോഓർഡിനേറ്റർ ആയിരുന്ന അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ വിവിധ ക്രൗഡ് ഫണ്ടിംഗ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ചിട്ടുള്ള പദ്ധതിയുടെ പേരിൽ കേരളത്തിൽ വ്യാപകമായി നടന്ന തട്ടിപ്പ് മഹിളാ കോണ്ഗ്രസ് നേതാവിന്റെ ഒരു എൻജിഒയുടെ മറവിൽ മാനന്തവാടിയിലും നടന്നതായി രാഷ്ട്രീയ യുവജനതാദൾ ആരോപിച്ചു.
വനിതകൾക്ക് പകുതി വിലക്ക് സ്കൂട്ടറും ലാപ്ടോപ്പും ഗ്രഹോപകരണങ്ങളും ലഭ്യമാക്കും എന്ന് വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ആളുകളിൽ നിന്നാണ് പണം തട്ടിയത്. മാനന്തവാടിയിൽ മാത്രം 1200 ഓളം ആളുകൾ നിന്നായി ഒന്നരക്കോടിയോളം രൂപ തട്ടിച്ചതായാണ് അറിയാൻ സാധിച്ചത്. മാനന്തവാടി സ്റ്റേഷനുകളിൽ നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. പ്രാദേശികമായി നേതാക്കളുടെ പിന്തുണയോടെയാണ് ഈ തട്ടിപ്പ് അരങ്ങേറിയത്.
തട്ടിപ്പിന് നേതൃത്വം കൊടുത്ത മുഴുവൻ ആളുകളെയും നിയമത്തിനു മുന്പിൽ കൊണ്ടുവരണമെന്നും പണം നഷ്ടപ്പെട്ടവർക്ക് പ്രസ്തുത എൻജിഒയിൽ നിന്നും വ്യക്തികൾ നിന്നും പണം തിരിച്ചു കിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ യുവജനതാദൾ മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ദൃശ്യ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉമ്മർ വെള്ളമുണ്ട, അഡ്വ. സുകന്യ, സപ്ന, റോബിൻ, വി. രഖിൽ, നൗഷാദ് മാനന്തവാടി എന്നിവർ പ്രസംഗിച്ചു.