അശാസ്ത്രീയ മാലിന്യ സംസ്കരണം: സ്വകാര്യ സ്ഥാപനങ്ങൾക്ക് പിഴ
1507729
Thursday, January 23, 2025 5:43 AM IST
കൽപ്പറ്റ: തരിയോട് പഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ അജൈവ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് 6,000 രൂപ പിഴ ചുമത്തി. പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കാണ് പ്ലാസ്റ്റിക് കവർ, പേപ്പർ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ കൂട്ടിയിട്ട് കത്തിച്ചതിന് പിഴയടയ്ക്കാൻ സ്ക്വാഡ് നോട്ടീസ് നൽകിയത്.
ജില്ലാഎൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നൽ പരിശോധനയിലാണ് നടപടി. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ജയചന്ദ്രൻ, സ്ക്വാഡ് അംഗം കെ.എ. തോമസ്, സിയാബുദ്ദീൻ, തരിയോട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിഷാന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പനമരം ഗ്രാമപഞ്ചായത്ത് പരിധിയിൽ അജൈവമാലിന്യം കൂട്ടിയിട്ട് കത്തിച്ച സ്വകാര്യ സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 8000 രൂപ പിഴ ചുമത്തി. ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ പ്ലാസ്റ്റിക് കവർ, പേപ്പർ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ കൂട്ടിയിട്ട് കത്തിച്ചതിനാണ് പിഴ ഈടാക്കാൻ സ്ക്വാഡ് നോട്ടീസ് നൽകിയത്.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ എം. ജയചന്ദ്രൻ, സ്ക്വാഡ് അംഗം കെ.എ. തോമസ്, ടി. രസിക, പനമരം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സി.ജി. സനീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.