കാരിത്താസ് ഇന്ത്യ അസി. എക്സിക്യൂട്ടീവ് ഡയറക്ടർക്ക് സ്വീകരണം നൽകി
1497359
Wednesday, January 22, 2025 6:23 AM IST
സുൽത്താൻ ബത്തേരി: ഭാരത കത്തോലിക്ക സഭയുടെ സാമൂഹിക വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കാരിത്താസ് ഇന്ത്യയുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. അനിൽ കാസ്ട്രായ്ക്ക് ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
കേരളത്തിലെ വടക്കൻ ജില്ലകളുടെയും നീലഗിരിയുടെയും പുനർനിർമാണ പ്രവർത്തനങ്ങളിൽ ശ്രേയസ് വഹിക്കുന്ന പങ്കിനെ ഫാ. അനിൽ കാസ്ട്രാ ശ്ലാഖിച്ചു. ദുരന്തമുഖത്ത് സജീവസാന്നിധ്യമായി കഴിഞ്ഞ 165 ദിവസമായി പ്രവർത്തിച്ചുവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്നും ദുരന്ത മുഖങ്ങളിൽ ശ്രേയസിന്റെ കരുത്ത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരാണെനും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കലിനെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. ശ്രേയസ് പോലുള്ള 172 പ്രസ്ഥാനങ്ങളെ ഒരു കുടകീഴിൽ അണിനിരത്തി കാരിത്താസ് ഇന്ത്യ ഇന്ത്യയിൽ നടത്തുന്ന സാമൂഹിക വികസന ഇടപെടലുകൾ ലോകത്തിനു മാതൃകയാണ്.
ദുരന്തം ഉണ്ടായ അന്നുമുതൽ ഇന്നുവരെ കാരിത്താസ് ഇന്ത്യ ശ്രേയസ് പോലുള്ള മറ്റു ഏജൻസികളെ ചേർത്തുപിടിച്ച് മുന്നേറുകയാണെന്ന് കാരിത്താസ് ഇന്ത്യ ക്ലൈമറ്റ് ജസ്റ്റീസ് ഹെഡ് ഡോ.വി.ആർ. ഹരിദാസ് പറഞ്ഞു.
സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അഭീഷ് ആന്റണി, ശ്രേയസ് പ്രോഗ്രാം മാനേജർ കെ.വി. ഷാജി, പ്രോജക്ട്് മാനേജർ കെ.പി. ഷാജി എന്നിവർ പ്രസംഗിച്ചു.