ബെവ്കോ വനിതാ ജീവനക്കാർക്ക് സ്വയംസുരക്ഷ പ്രതിരോധ പരിശീലനം നൽകി
1483987
Tuesday, December 3, 2024 4:56 AM IST
കൽപ്പറ്റ: ബെവ്കോ വനിതാ ജീവനക്കാർക്കുള്ള സ്വയം സുരക്ഷ പ്രതിരോധ പരിശീലന പരിപാടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി. ബബിത ഉദ്ഘാടനം ചെയ്തു. ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനിലെ വനിതാ ജീവനക്കാർക്കുള്ള സ്ത്രീ സുരക്ഷ സ്വയംപ്രതിരോധ പരിശീലന പരിപാടി കൽപ്പറ്റ ഡീ പോൾ പബ്ലിക് സ്കൂളിൽ നടത്തി. ബെവ്കോ ഔട്ലെറ്റുകളിൽ ജോലിചെയ്യുന്ന വനിതാ ജീവനക്കാർ നേരിടുന്ന അതിക്രമങ്ങൾക്കെതിരേയുള്ള സുരക്ഷയെ മുൻനിർത്തി കേരള ബിവറേജസ് കോർപറേഷൻ ജനമൈത്രി പോലീസുമായി ചേർന്നാണ് പരിശീലനം നൽകുന്നത്. അറുപതോളം വനിതാ ജീവനക്കാർ പങ്കെടുത്തു.
കെഎസ്ബിസി ജില്ലാ ഓഡിറ്റ് മാനേജർ കെ.ടി. ബിജു അധ്യക്ഷത വഹിച്ചു. ജനമൈത്രി പ്രോജക്ട് കൽപ്പറ്റ അസി. നോഡൽ ഓഫീസർ സബ് ഇൻസ്പെക്ടർ കെ.പി. ശശിധരൻ, സിജോ വർഗീസ്, ടീന ആന്റണി, വനിതാസെൽ അസി. ഇൻസ്പെക്ടർ സ്മിത എന്നിവർ പ്രസംഗിച്ചു. സിപിഒ മാരായ ഫൗസിയ, രേഷ്മ, ജഷിത, അസി. സബ് ഇൻസ്പെക്ടർമാരായ കൽപ്പറ്റ വനിതാസെൽ പുഷ്പകുമാരി, വിജയകുമാരി, സിപിഒ, കൽപ്പറ്റ സഖീ ഷെൽട്ടർ സിപിഒ മാരായ അനുമോൾ, ഷഹമ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.