അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി മാതൃകാപരം: മന്ത്രി ഒ.ആർ. കേളു
1483984
Tuesday, December 3, 2024 4:56 AM IST
കൽപ്പറ്റ: അഗ്രിന്യൂട്രി ഗാർഡൻ പദ്ധതി തനത് ഭക്ഷണ സംസ്കാരം വീണ്ടെടുക്കാൻ സഹായിക്കുന്ന മാതൃകാപരമായ സംരംഭമാണെന്ന് പട്ടികജാതി, വർഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു.
കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ജൈവകൃഷിയിലൂടെ എല്ലാ വീടുകളിലും വിഷ മുക്ത പച്ചക്കറി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജൈവ കാർഷിക ഉദ്യാനങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ പോഷകസമൃദ്ധവും ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യം.
ജില്ലയിലെ 413 വാർഡുകളിലായി 7847 വീടുകൾ കേന്ദ്രീകരിച്ച് 235 ഏക്കറിലധികം ഭൂമിയിൽ പദ്ധതിയിലൂടെ ജൈവ കൃഷി സാധ്യമാക്കും. തക്കാളി, മുളക്, വഴുതന, ക്യാബേജ്, കോളിഫ്ളവർ തുടങ്ങീയ പച്ചക്കറികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. 18 കുടുംബശ്രീ നഴ്സറികൾ മുഖേന പരിശീലനം, വിത്ത്/ തൈ വിതരണം ചെയ്യും. പരിപാടിയിൽ ജെഎൽജി ഗ്രൂപ്പുകൾക്ക് മന്ത്രി പച്ചക്കറി തൈകൾ വിതരണം ചെയ്തു. അന്പലവയൽ ആണ്ടൂരിൽ നടന്ന പരിപാടിയിൽ അന്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സീതാവിജയൻ, അന്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷെമീർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജെസി ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷീജ ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സെനു, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, എഡിഎംസിമാരായ വി.കെ. റജീന, കെ.എം. സെലീന, ബ്ലോക്ക് അംഗം എ.എസ്. വിജയ, വാർഡ് അംഗങ്ങളായ ഉമേഷ്, എൻ.സി. കൃഷ്ണകുമാർ, വി.വി. രാജൻ, സിഡിഎസ് ചെയർപേഴ്സണ് നിഷ രഘു, അസിസ്റ്റന്റ് സെക്രട്ടറി കെ.ജി. ബിജു, ജില്ലാ പ്രോഗ്രാം മാനേജർ സുകന്യ ഐസക്ക് എന്നിവർ പ്രസംഗിച്ചു.