രുചിവൈവിധ്യത്തിന്റെ മേളയൊരുക്കി പുളിയാർമല ലവ് ഗ്രീൻ അക്കാദമി
1461416
Wednesday, October 16, 2024 4:56 AM IST
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷൻ, നൈപുണ്യ വികസനവും സുസ്ഥിര തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഡിഡിയുജികെവൈ എന്നിവയുടെ സഹകരണത്തോടെ പുളിയാർമല ലവ് ഗ്രീൻ അക്കാദമിയിൽ വിദ്യാർഥികൾ നടത്തിയ ഭക്ഷ്യമേളയിലെ രുചിവൈവിധ്യം ശ്രദ്ധേയമായി.
നാടൻ മുതൽ അറബിക് വരെ വിഭവങ്ങൾ മേളയുടെ ആകർഷണമായി. ലൗ ഗ്രീൻ അക്കാദമിയിലെ ഹോട്ടൽ മാനേജ്മെന്റ്, ഏവിയേഷൻ വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. ഡെമോ എയർപോർട്ട് പ്രദർശനം, മാഗസിൻ പ്രകാശനം എന്നിവ ഇതോടനുബന്ധിച്ച് നടന്നു.
20 ഇനം ജ്യൂസും മറ്റു പാനീയങ്ങളും അടങ്ങിയ ബിവറേജ് കൗണ്ടർ, വിവിധ തരം ഐസ്ക്രീം, പുഡ്ഡിംഗ്, ഫ്രൂട്ട് സാലഡ് എന്നിവ അടങ്ങിയ ഡെസേർട്ട് കൗണ്ടർ എന്നിവ ഭക്ഷ്യമേളയുടെ ഭാഗമായി പ്രവർത്തിച്ചു. ആകെ ആറ് സ്റ്റാളുകളാണ് വിദ്യാർഥികൾ സജ്ജമാക്കിയത്. ഭക്ഷണത്തിന്റെ തീമിന് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് വിദ്യാർഥികൾ ധരിച്ചത്. പഠിതാക്കളുടെ ഗാനാലാപനവും നൃത്തവും മേളയ്ക്കു കൊഴുപ്പേകി.
300 ഓളം രക്ഷിതാക്കൾ മേളയ്ക്ക് എത്തി. അസിസ്റ്റന്റ് കളക്ടർ എസ്. ഗൗതംരാജ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, എഡിഎംഎസ് കെ. അമീൻ, ഡിപിഎം ജെൻസണ് തുടങ്ങിയവർ പങ്കെടുത്തു. അക്കാദമി വിദ്യാർഥികളിൽ ജോലി ലഭിച്ചവർക്ക് അസിസ്റ്റന്റ് കാൾ ലെറ്റർ വിതരണം ചെയ്തു. അക്കാദമി മാഗസിൻ പ്രകാശനം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ നിർവഹിച്ചു.