വയനാട്ടിലെ ആദ്യ വാട്ടർ എടിഎം ഉദ്ഘാടനം ചെയ്തു
1461410
Wednesday, October 16, 2024 4:56 AM IST
പനമരം: പനമരം ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവിൽ പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി സ്ഥാപിക്കുന്ന വാട്ടർ എടിഎം ഉദ്ഘാടനം ചെയ്തു.
പൂതാടി ഗ്രാമപഞ്ചായത്തിന് സമീപം നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കണിയാന്പറ്റ പഞ്ചായത്തിലെ കന്പളക്കാട് ബസ്റ്റോപ്പ്, പനമരം പഞ്ചായത്തിൽ പനമരം ബസ് സ്റ്റാൻഡ്, പൂതാടി പഞ്ചായത്തിൽ പൂതാടി ഗ്രാമപഞ്ചായത്തിന് സമീപം, പുൽപ്പള്ളി പഞ്ചായത്തിൽ പുൽപ്പള്ളി ബസ്റ്റാൻഡ്, മുള്ളൻകൊല്ലി പഞ്ചായത്തിൽ പാടിച്ചിറ ടൗണ് എന്നിവിടങ്ങളിലാണ് സ്ഥാപിച്ചത്.
പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഡ്രൈവർമാർക്കും വിദ്യാർഥികൾക്കും ഇതിന്റെ സേവനം ഉപയോഗപ്പെടും. ജില്ലയിൽ ആദ്യമായി ഈ മെഷീൻ സ്ഥാപിക്കുന്നത് പനമരം ബ്ലോക്ക് ഭരണസമിതിയാണ്.
കൂടുതൽ സ്ഥലങ്ങളിലേക്ക് വാട്ടർ എടിഎം വ്യാപിപ്പിക്കുന്നതിന് ഭരണസമിതി ലക്ഷ്യമെടുന്നു. ഒരു ലിറ്റർ മിനറൽ വാട്ടറിനു കടകളിൽ 20 രൂപ നൽകേണ്ടി വരുന്പോൾ ഒരു രൂപ നിരക്കിൽ അതേ ഗുണനിലവാരത്തിലുള്ള വെള്ളം വാട്ടർ എടിഎമ്മിലൂടെ നൽകാൻ കഴിയും. ഒരു രൂപ തുട്ടുകളും ഫോണ് പേ, ഗൂഗിൾ പേ തുടങ്ങിയ യുപിഐ അക്കൗണ്ടുകൾ വഴിയും പൊതുജനങ്ങൾക്ക് വെള്ളം ലഭ്യമാകും.
പനമരത്തും കന്പളക്കാടും പുൽപ്പള്ളിയിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ വാട്ടർ എടിഎം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർക്കാട്ടി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി പ്രകാശൻ, ആസിയ, കെ.വി. രജിത, ടി.എസ്. ദിലീപ് കുമാർ, നിത്യ ബിജു കുമാർ, മേഴ്സി ബെന്നി, അംഗങ്ങളായ ലൗലി ഷാജു, സജേഷ് സെബാസ്റ്റ്യൻ, ടി. മണി, രജനി ചന്ദ്രൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ഷീബ തുടങ്ങിയവർ പ്രസംഗിച്ചു.