പുനരധിവാസത്തിനു ഭൂമി ഏറ്റെടുക്കൽ: തൊഴിലാളികളുടെ ആശങ്ക അകറ്റണമെന്ന്
1460755
Saturday, October 12, 2024 5:00 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ സ്ഥിരം പുനരധിവാസത്തിന് ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ തൊഴിലാളികളുടെ ആശങ്ക അകറ്റണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂർ സംഘം(ബിഎംഎസ്)ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മോഡൽ ടൗണ്‍ഷിപ്പ് നിർമിക്കുന്നതിന് കൽപ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഉം അരപ്പറ്റ എസ്റ്റേറ്റ് നെടുന്പാല ഡിവിഷനിലെ 65.41 ഉം ഹെക്ടർ ഭൂമിയാണ് കണ്ടെത്തിയത്. നല്ല നിലയിൽ പ്രവർത്തിക്കുന്നതാണ് നെടുന്പാല ഡിവിഷൻ. ആകെ ഭൂമിയിൽ പകുതിയോളം ഏറ്റെടുക്കുന്പോൾ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ ഗണ്യമായി കുറയും.
ഒരു ഡിവിഷനിൽനിന്നുമാത്രം 65.41 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുപകരം ശാസ്ത്രീയമായി രണ്ടോ മൂന്നോ സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുത്താൽ തൊഴിൽ ഇല്ലാതാകുന്ന സാഹചര്യം ഒഴിവാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്ലാന്റേഷൻ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
എസ്റ്റേറ്റ് മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റ് ഇ.കെ. ശ്യാമപ്രസാദ് അധ്യക്ഷത വഹിച്ചു. പി.ആർ. ബാലകൃഷ്ണൻ, എൻ.പി. ചന്ദ്രൻ, കെ. ജയ, പി. നാരായണൻ, സി. ഉണ്ണിക്കൃഷ്ണൻ, കെ. സന്തോഷ്കുമാർ, കെ. മോഹനൻ, റീജ രാജേഷ്, കെ.കെ. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.