ഉരുൾ ദുരന്തം: കേന്ദ്ര നിലപാട് ക്രൂരതയെന്ന് റസാഖ് പാലേരി
1460750
Saturday, October 12, 2024 5:00 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തം സംഭവിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തിന് അർഹമായ സഹായം നൽകാത്ത കേന്ദ്ര സർക്കാർ നിലപാട് ദുരിന്തബാധിതരോടുള്ള ക്രൂരതയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ദുരന്തബാധിതരുടെ സ്ഥിരം പുനരധിവാസത്തിന് സംസ്ഥാന സർക്കാർ ക്രിയാത്മകവും ശാസ്ത്രീയവുമായ ഇടപെടൽ നടത്തുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുരന്ത മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കണം. 900കണ്ടിയിൽ മാത്രം 220 ജീപ്പുകൾ ടൂറിസവുമായി ബന്ധപ്പെട്ട് ഓടിയിരുന്നു. നിലവിൽ ടൂറിസ്റ്റുകൾ എത്താത്തതിനാൽ ജീപ്പ് ഉടമകൾക്കും തൊഴിലാളികൾക്കും തൊഴിലും വരുമാനവുമില്ല. പലരും വാഹന വായ്പ തിരിച്ചടവ് മുടങ്ങി പ്രതിസന്ധിയിലാണ്.
വാഹന വായ്പകൾക്ക് ഒരു വർഷം മൊറട്ടോറിയം പ്രഖ്യാപിക്കണം. ദുരന്ത മേഖലയിലെ ഉപജീവനമാർഗം നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കു നഷ്ടപരിഹാരം നൽകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച്. ഫൈസൽ, സെക്രട്ടറി പി.എ. ഇബ്രാഹിം, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് പി. അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് വി.വി.കെ. മുഹമ്മദ് എന്നിവരും പങ്കെടുത്തു.