വനം ലീസ്: കർഷക കുടുംബങ്ങൾക്ക് പ്രതീക്ഷയായി റവന്യു മന്ത്രിയുടെ പ്രസ്താവന
1460746
Saturday, October 12, 2024 5:00 AM IST
കൽപ്പറ്റ: ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണന്റെ സബ്മിഷന് റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ നൽകിയ മറുപടി വയനാട്ടിലെ ഫോറസ്റ്റ് ലീസ് കർഷകർക്ക് പ്രതീക്ഷയായി.
ഗ്രോ മോർ ഫുഡ് പദ്ധതിയിൽ ജില്ലയിൽ വനത്തിൽ കുടിയിരുത്തിയ കുടുംബങ്ങൾക്ക് പട്ടയം അടക്കം രേഖകളും മറ്റ് അവകാശങ്ങളും ലഭ്യമാക്കുന്നതിന് നടപടികൾ ആരംഭിച്ചെന്നാണ് റവന്യു മന്ത്രി സബ് മിഷനുള്ള മറുപടിയിൽ അറിയിച്ചത്. വിഷയം പ്രത്യേകം പരിശോധിക്കാൻ വനം, റവന്യു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വൈകാതെ ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാം ലോകമഹായുദ്ധകാലത്തെ അതിരൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനു നടപ്പാക്കിയതാണ് "ഗ്രോ മോർ ഫുഡ്’ പ്രോഗ്രാം. 1882ലെ മദ്രാസ് ഫോറസ്റ്റ് ആക്ട് പ്രകാരം അപേക്ഷയുടെ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനാണ് കർഷകർക്ക് വനഭൂമി പാട്ടത്തിന് അനുവദിച്ചത്. ലീസ് ഭൂമിയിൽ പാട്ടക്കാരന് ക്രയവിക്രയാവകാശമോ പിന്തുടർച്ചാവകാശമോ ഇല്ല.
വയനാട് വന്യജീവി സങ്കേതത്തിൽ എടത്തന, കല്ലൂർ, കാട്ടിക്കുളം, കതിരക്കോട്, കുപ്പാടി, കുറിച്യാട്, മാവിനഹള്ള, നെൻമിയാട്, നൂൽപ്പുഴ, രാംപൂർ റിസർവുകളിൽപ്പെട്ട 385.8963 ഹെക്ടർ ഭൂമി ഗ്രോ മോർ ഫുഡ് പ്രോഗ്രാമിൽ സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകിയിട്ടുണ്ട്. ഈ ഭൂമിയുടെ പാട്ടം 2003 വരെ പുതുക്കിയിരുന്നു. എന്നാൽ ഈ ഭൂമി വയനാട് വൈൽഡ് ലൈഫ് ഡിവിഷന്റെ മാനേജ്മെന്റ് പ്ലാനിൽ ഉൾപ്പെട്ടതും റവന്യു രേഖകളിൽ "വനഭൂമി’ എന്ന് പരാമർശിക്കപ്പെട്ടതുമാണ്.
വനഭൂമി പാട്ടവ്യവസ്ഥയിൽ ലഭിച്ച് ഇപ്പോഴും കൈവശംവയ്ക്കുന്ന കർഷകരുടെ വിവരം ശേഖരിക്കുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും വനം, റവന്യു വകുപ്പുകളുടെ പ്രത്യേക സംഘത്തെ നിയോഗിച്ച് വിവരശേഖരണം നടത്തിവരികയാണ്. വിവരശേഖരണം പൂർത്തിയാകുന്ന മുറയ്ക്ക് കൈവശക്കാരുടെയും ഭൂമിയുടെ വിസ്തീർണത്തിന്റെയും പൂർണരൂപം ലഭിക്കും.
വനം വകുപ്പ് പാട്ടത്തിന് നൽകിയ ഭൂമിയുടെ അതിർത്തികൾ നിർണയിച്ചിട്ടില്ല. ഫോറസ്റ്റ് ലീസ് ഭൂമികൾ മൈനർ സർക്യൂട്ടായി സർവേ ചെയ്തിട്ടുള്ളതിനാൽ കൈവശങ്ങൾക്ക് പ്രത്യേകം റീസർവേ സബ് ഡിവിഷനുകൾ ഇല്ല.
സുൽത്താൻ ബത്തേരി താലൂക്കിലെ നൂൽപ്പുഴ, കിടങ്ങനാട്, പുൽപ്പള്ളി, നടവയൽ വില്ലേജുകളിലെ 732 കൈവശ ഭൂമികളും ഫോറസ്റ്റ് ലീസിൽ ഉൾപ്പെടും. മാനന്തവാടി താലൂക്കിൽ തിരുനെല്ലി വില്ലേജിൽ 402, 450 എന്നീ സർവേ നന്പറുകളിലും തൃശിലേരി വില്ലേജിൽ സർവേ നന്പർ 568ലും ഉൾപ്പെട്ട ഭൂമിയിയിൽ 115ഓളം കുടുംബങ്ങൾ ഫോറസ്റ്റ് ലീസ് ഭൂമി കൈവശംവച്ചും കൃഷിചെയ്തും വരുന്നുണ്ട്.
ഈ താലൂക്ക് പരിധിയിലെ ഫോറസ്റ്റ് ലീസ് ഭൂമികളുടെ വിവര ശേഖരണം പൂർത്തിയായിട്ടില്ല. ഫോറസ്റ്റ് ലീസ് ഭൂമികൾ 1996 ഡിസംബർ 12ന് മുൻപ് വനേതര ആവശ്യത്ത് പരിവർത്തനം ചെയ്തതിനാൽ വിഷയം സംസ്ഥാനതല വിദഗ്ധ സമിതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും സബ് മിഷനുള്ള മന്ത്രി രാജന്റെ മറുപടിയിൽ പറയുന്നുണ്ട്.
കൈവശഭൂമിക്ക് പട്ടയം എന്ന ആവശ്യം ഫോറസ്റ്റ് ലീസ് കർഷക കുടുംബങ്ങൾ ദീർഘകാലമായി ഉന്നയിച്ചുവരുന്നതാണ്. ഫോറസ്റ്റ് ലീസ് കർഷക സമിതിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളും ഇതിനകം നടത്തിയിട്ടുണ്ട്.
പട്ടയം അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണെന്നു മന്ത്രി വ്യക്തമാക്കിയത് സ്വാഗതാർഹമാണെന്ന് ലീസ് കർഷക സമിതി ഭാരവാഹികൾ പറഞ്ഞു. നടപടികൾ ത്വരിതപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.